കോമണ്‍വെല്‍ത്ത് ക്രിക്കറ്റ്; പാക്കിസ്ഥാൻ വനിതകളെ തകർത്ത് ഇന്ത്യ, കിടിലൻ ബാറ്റിംഗുമായി സ്മൃതി മന്ഥാന

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ വനിതകളെ തകർത്ത് ഇന്ത്യൻ ടീം. മഴ കാരണം മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. എട്ട് വിക്കറ്റിന്റെ കിടിലൻ ജയമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയത്. ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ആദ്യ കളി തോറ്റ് തുടങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമായിരുന്നു. ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബാര്‍ബഡോസിനെ നേരിടും. ബുധനാഴ്ച്ചയാണ് മത്സരം നടക്കുന്നത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 99 റണ്‍സിന് ആൾ ഔട്ടായി. 42 പന്തില്‍ പുറത്താവാതെ 63 റൺസ് അടിച്ചുകൂട്ടിയ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് 11.4 ഓവറില്‍ ഇന്ത്യ വിജയതീരത്തണഞ്ഞത്. മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. ജമീമ റോഡ്രിഗസും (2) പുറത്താവാതെ നിന്നു. സബിനേന മേഘ്‌ന (14), ഷെഫാലി വര്‍മ (16) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാൻ എറിഞ്ഞിട്ടത്. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
രാധാ യാധവ്, സ്‌നേഹ് റാണ എന്നിവർ ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നെ കാര്യങ്ങളെല്ലാം എളുപ്പത്തിൽ കഴിഞ്ഞു. തുബ ഹസൻ എറിഞ്ഞ ആറാം ഓവറിന്റെ അവസാന പന്തിലാണ് ഷെഫാലി പുറത്തായത്. സബിനേനി ഒമൈമ സൊഹൈലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.
Story Highlights: Commonwealth Games Women’s Cricket 2022; India crush Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here