‘ആരെയും ഊരുവിലക്കിയിട്ടില്ല’; സൗദാമിനിയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് സമുദായ പ്രതിനിധി

പാലക്കാട്ടെ ഊരുവിലക്കുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചക്ലിയ സമുദായ പ്രതിനിധി. ആരെയും ഊരുവിലക്കിയിട്ടില്ല എന്നും സൗദാമിനിയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും സമുദായ പ്രതിനിധി ബാലസുബ്രഹ്മണ്യൻ 24നോട് പ്രതികരിച്ചു. 24 ന്യൂസ് ഈവനിങ് ചർച്ചക്കിടെയാണ് ബാലസുബ്രഹ്മണ്യൻ നിലപാടറിയിച്ചത്. (palakkad ban response update)
“ആരും ആരെയും ഒരു ഊരുവിലക്കും കല്പിച്ചിട്ടില്ല. പൂജക്കിടെ സ്വർണമാല നഷ്ടപ്പെട്ടു എന്നാണ് കേട്ടത്. സ്വർണം നഷ്ടപ്പെട്ടതുമായി സമുദായക്കാർക്ക് ബന്ധമില്ല. മാല നഷ്ടപ്പെട്ടവരാണ് പരാതി നൽകിയത്. അതിലൊന്നും ഞങ്ങൾക്ക് റോളില്ല. മഷിനോട്ടത്തിൽ ഞങ്ങൾക്ക് യാതൊരു വിശ്വാസവുമില്ല. ഞങ്ങൾ മഷിനോട്ടം നടത്തിയിട്ടില്ല. മാല നഷ്ടപ്പെട്ടവരാണ് അത് നടത്തിയത്. അതുകൊണ്ട് എന്തിനാണ് അമ്പല ഗേറ്റ് തകർക്കുന്നത്? ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ അമ്പലമുണ്ടാക്കിയത്. ഒരു 12 വർഷം മുൻപ് സൗദാമിനിയുടെ മക്കൾ അപ്പിയിടുന്നത് ക്ഷേത്രത്തിലേക്കാണ് വലിച്ചെറിഞ്ഞിരുന്നത്. മറ്റ് വേസ്റ്റുകളും ഇവിടേക്കാണ് ഇട്ടത്. ഒരുദിവസം ഞങ്ങൾ ഇത് കണ്ടുപിടിച്ചു.”- ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
Read Also: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി; പാലക്കാട് കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി
എന്നാൽ ആരോപണങ്ങൾ സൗദാമിനി തള്ളി. അമ്പലത്തിൽ അപ്പിയിടാൻ തൻ്റെ മാനസിക നിലയ്ക്ക് തകരാറില്ല. അമ്പലത്തിനടുത്തുള്ള ചിലരുടെ മദ്യപാനമൊക്കെ താൻ പൊലീസിനോട് പരാതിപ്പെട്ടാണ് നിർത്തിയതെന്നും അവർ പ്രതികരിച്ചു.
മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേർപ്പെടുത്തിയതായാണ് പരാതി ഉയർന്നത്. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാൽ സമുദായ ക്ഷേത്രത്തിൻറെ ഗേറ്റ് തകർത്തതിനാലാണ് കുടുംബത്തെ ജനറൽ ബോഡി യോഗം ചേരുന്നതുവരെ മാറ്റിനിർത്തിയിരിക്കുന്നത് എന്ന് സമുദായ അംഗങ്ങൾ പറഞ്ഞു.
അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബവും ചക്ലിയ സമുദായത്തിന്റെ ഊര് വിലക്ക് നേരിടുന്നതായാണ് പരാതി. സമുദായ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജയ്ക്കിടെ ഒരു കുട്ടിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു, തുടർന്ന് മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിച്ച് ഊര് വിലക്കിയതായി കുടുംബം പറയുന്നു. നിലവിൽ ക്ഷേത്രത്തിൽ പോലും പ്രവേശിക്കാൻ അനുവദിക്കുന്നില്ല, കുട്ടികളെ മറ്റു കുട്ടികൾ കളിക്കാനും കൂട്ടുന്നില്ലെന്നും കുടുംബം പറയുന്നു.
നീതി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
Story Highlights: palakkad ban response update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here