തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം; വിശദാംശങ്ങൾ പങ്കുവെച്ച് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം ഉണ്ടാവുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നതെന്ന് മേയർ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. നഗരസഭയാണ് ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും മേയർ വ്യക്തമാക്കി.
ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക.
Read Also: തിരുവനന്തപുരം നഗരസഭ ഒന്നാമതുതന്നെ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ
ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകും. തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.
നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Story Highlights: Thiruvananthapuram Municipality has its own sports team; Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here