കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു; ഗവിയിലേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി

പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കിൽ പെട്ടതിന്റെ 200 മീറ്റർ താഴെ നിന്നാണ്. മൃതദേഹം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിശക്തമായ മഴയെ തുടർന്ന് ഗവി കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. സഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയിൽ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസ്സമാകുകയാണ്.
Read Also: കനത്ത മഴ: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
ശക്തമായ മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. തീക്കോയിൽ നിന്നും മുകളിലേക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ അടക്കമുള്ള അപായ സാധ്യതകൾ നിലവിലുള്ളതിനാലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. കനത്ത മഴയില്‍ മലപ്പുറം ജില്ലയിലും കൊല്ലം ജില്ലയിലും രണ്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് പലയിടത്തും വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളില്‍ മണിക്കൂറുകളായി മഴ കനക്കുന്നു. വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞു. തിരുവനന്തപുരത്തെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്.
Story Highlights: young man died after falling into water in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here