Advertisement

‘ദേശീയ പതാക ഹൃദയത്തില്‍’; നെഹ്‌റു പതാക ഉയര്‍ത്തുന്ന ചിത്രവുമായി കോണ്‍ഗ്രസ്

August 3, 2022
Google News 4 minutes Read
Congress leaders change social media DP to Nehru holding tricolour

ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി.

നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ഞങ്ങള്‍ ഞങ്ങളുടെ നേതാവായ നെഹ്റുവിന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമാക്കുന്നത്. പക്ഷേ, പ്രധാനമന്ത്രിയുടെ സന്ദേശം സ്വന്തം കുടുംബത്തില്‍ മാത്രം എത്തിയില്ലെന്നു തോന്നുന്നു. 52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താത്തവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കുമോ? ജയ്‌റാം രമേശ് ട്വീറ്റില്‍ ചോദിച്ചു. ‘മൈ തിരംഗ്, മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗോടെയാണ് പ്രചാരണം നടക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രൊഫൈല്‍ ചിത്രം നെഹ്‌റുവിന്റേതാക്കി. ‘സ്വാതന്ത്ര്യത്തിന്റെ 75 അമൃതവര്‍ഷങ്ങള്‍ : ഈ മുഖമാണ് , ദീപ്തമായ അങ്ങയുടെ ജീവിതമാണ് മുന്നോട്ട് നയിക്കുന്ന വെളിച്ചവും ഉള്ളില്‍ നിറയുന്ന ബോധ്യവും മുന്നോട്ടുള്ള വഴിയിലെ രാഷ്ട്രീയവും….’ വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആഗസ്റ്റ് 2 മുതല്‍ 15 വരെ രാജ്യത്തെ പൗരന്മാര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ത്രിവര്‍ണ്ണ പതാക ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു.

Read Also: ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമായി ഇടണം; രാജ്യത്തെ പൗരന്മാരോട് പ്രധാനമന്ത്രി

”ദേശീയ പതാക രൂപകല്‍പന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. ആഗസ്റ്റ് 2 നും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ‘ത്രിവര്‍ണ്ണ പതാക’ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്” പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: Congress leaders change social media DP to Nehru holding tricolour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here