മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ്; ചോദ്യം ചെയ്യാൻ ഹാജരാകണം

മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. 11ന് കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ ഹാജരാകാനാണ് നിർദേശം. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വിദേശ പണം സ്വീകരിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിലാണ് മന്ത്രിയെചോദ്യം ചെയ്യുന്നത്. നേരത്തേ ഇഡി നോട്ടിസ് നൽകിയിരുന്നുവെങ്കിലും തോമസ് ഐസക് ഹാജരായിരുന്നില്ല. ( ED notice again to former minister Thomas Isaac )
കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു. ഒന്നാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്നു വർഷകാലത്ത് 489 കേസുകൾ ഇ.ഡി ചാർജ്ജ് ചെയ്തുവെങ്കിൽ രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്നു വർഷം 2723 കേസുകളാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. കേസുകളിലെ ശിക്ഷാ നിരക്ക് 0.5 ശതമാനം മാത്രമാണ്. ഇഡിയുടെ സ്വേച്ഛാപരമായ അധികാരത്തെ രാഷ്ട്രീയവൈരം തീർക്കുന്നതിനു മോഡി-ഷാ കൂട്ടുകെട്ട് വ്യാപകമായി ഉപയോഗിക്കുവാൻ പോവുകയാണ് എന്നും തോമസ് ഐസക്ക് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Read Also: നാല് വർഷത്തിനിടെ ഇഡി ജീവനക്കാരിൽ 50 ശതമാനം വർധന
നിസ്സഹായതയുടെയും ഭയത്തിന്റെയും യുഗമാണ് മോഡി-ഷാ കൂട്ടുകെട്ട് നമ്മുടെ രാജ്യത്തു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജസ്റ്റിസുമാരായ എ.എം. ഖാൻ വിൽക്കർ, ദിനേശ് മഹേശ്വരി, മലയാളി കൂടിയായ സി.ടി. രവികുമാർ എന്നിവർ ചേർന്നാണ് ഇന്ത്യൻ ജുഡിഷ്യൽ പാരമ്പര്യത്തിനു തീരാകളങ്കമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമം പൗരാവകാശങ്ങളെ ഹനിക്കാൻ അനിയന്ത്രിതമായി ദുഃരുപയോഗം ചെയ്യുന്നു എന്നതിന്റെ പരിഹാരം തേടിയാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. എന്നാൽ പൗരാവകാശങ്ങളെ ചവിട്ടി മെതിക്കാനുള്ള അധികാരത്തെ ആവർത്തിച്ച് ഉറപ്പിക്കുന്ന, കൂടുതൽ ശക്തിപ്പെടുത്തുന്ന വിധിയാണ് ഇവർ പുറപ്പെടുവിച്ചത്. ഇ.ഡി. പോലും, ഇത്രയും രാജഭക്തി പ്രതീക്ഷിച്ചു കാണില്ല.
ഭരണഘടനയുടെ അനുച്ഛേദം 20 നല്കുന്ന മൗലിക അവകാശങ്ങൾ തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. No person accused of any offence shall be compelled to be a witness against himselfഎന്നത് ആർ. 20 (3) ഉറപ്പ് നല്കുന്ന അവകാശമാണ്. ഭരണ ഘടനയിലെ ഈ സുപ്രധാന തത്വം ഫലത്തിൽ ഇഡി കേസുകളിൽ ബാധകമല്ല എന്നു വന്നിരിക്കുന്നു. നിർബന്ധിത മൊഴി (testimonial compulsion) എടുക്കൽ സാർവ്വത്രികമാകുന്ന ഭീതിതമായ അവസ്ഥ. അത് കുറ്റാരോപിതന് എതിരായ തെളിവായി മാറും എന്ന അവസ്ഥ.
ഭീകരവിരുദ്ധ നിയമം തുടങ്ങിയവയിൽ നിന്നു വ്യത്യസ്തമായി കള്ളപ്പണവിരുദ്ധ നിയമത്തിന് ഒരു പ്രത്യേകതയുണ്ട്. കള്ളപ്പണത്തെ ഏതൊരു സാമ്പത്തിക പ്രവർത്തിയുമായി ബന്ധപ്പെടുത്താവുന്ന അത്രവിപുലമായ വ്യാഖ്യാനമാണു നിയമത്തിലുള്ളത്. ഈ സാഹചര്യത്തിൽ ഇ.ഡി.ക്ക് വേണമെങ്കിൽ ഏതൊരു പൗരനെയും അറസ്റ്റു് ചെയ്യുന്നതിനും, തടവിലാക്കുന്നതിനും, സ്വത്ത് കണ്ടുകെട്ടുന്നതിനും എളുപ്പമാണ്. – തോമസ് ഐസക്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: ED notice again to former minister Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here