Advertisement

മഴയിൽ ചോർന്നൊലിച്ച് തലസ്ഥാനത്തെ ഒരു സർക്കാർ ഹൈസ്കൂൾ

August 4, 2022
2 minutes Read

സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മറന്ന തലസ്ഥാന ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. 1942-ല്‍ സ്ഥാപിതമായ തിരുവനന്തപുരം വഞ്ചിയൂര്‍ ഹൈസ്‌കൂളാണ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്. കാലവർഷപെയ്ത്തിൽ പേടിയോടെയാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ പഠനം. 80 വർഷത്തിലധികം പഴക്കമുള്ള സ്കൂൾ കെട്ടിടം ശോചനീയാവസ്ഥയിലാണെന്ന് നേരത്തെയും പരാതികളുയർന്നിരുന്നു.

തിരുവനന്തപുരം നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. 80 വര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂളിന്റെ ചുമരുകള്‍ക്കും മേല്‍കൂരകള്‍ക്കും അത്രത്തോളം തന്നെ കാലപ്പഴക്കവുമുണ്ട്. നിര്‍ത്താതെ പെയ്യുന്ന പേമാരിക്കിടയില്‍ പേടിയോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കഴിയുന്നത്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലായി അൻപതോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം ചോര്‍ന്ന് ഒലിക്കുന്നതോടെ പഠനം മുടങ്ങി. സ്മാർട്ട് ക്ലാസ് റൂമില്‍ കുടയില്ലാതെ ഇരിക്കാനാകില്ല. സ്കൂളിന്റെ മുൻഭാഗത്തുള്ള പ്രധാന കെട്ടിടത്തിലെ മൂന്ന് മുറികളിൽ മാത്രമാണ് ഇപ്പോൾ ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഓരോ മുറികൾ വീതം എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നൽകി. മുറികളെ സ്ക്രീനുകൾ കൊണ്ട് തിരിച്ച് ക്ലാസുകളാക്കിയാണ് പഠനം. ബാക്കി കെട്ടിട ഭാഗങ്ങൾ ഫിറ്റ്‌നെസ് പരിശോധനയിൽ വിജയിക്കാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.

നനഞ്ഞിരിക്കുന്ന ഭിത്തികൾ അപകടമുണ്ടാക്കുമോയെന്ന പേടി അധ്യാപകർക്കും വിദ്യാർഥികൾക്കുമുണ്ട്. മേൽക്കൂരയും ദ്രവിച്ചിരിക്കുകയാണ്. സ്‌കൂളിന്റെ ദുരവസ്ഥ കണ്ട രക്ഷിതാക്കളിലേറെയും ടി.സി വാങ്ങി പോവുകയാണ്. പുതിയ കെട്ടിടത്തിനും സ്‌കൂള്‍ നവീകരണത്തിനും സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഇതുവരെയും ഇല്ല.

Story Highlights: Vanchiyur High School in the verge of collapse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top