സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ !

കാസർഗോഡ് മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ ലോണെടുത്ത മറിയമ്മയ്ക്ക് തിരിച്ചടക്കാനുള്ളത് നാൽപത് ലക്ഷം രൂപ. ദൈനംദിന ജീവിതംപോലും ആശങ്കയോടെ മുന്നോട്ടു നയിക്കുമ്പോഴാണ് ഇരട്ടി പ്രഹരമെന്നോണം തട്ടിപ്പിനും ഇരയായത്. ( woman took 3 lakh loan from cooperative bank now have 40 lakh arrear )
വൃക്ക രോഗിയായ ഭർത്താവും ഏഴ് പെൺമക്കളുമടങ്ങുന്നതാണ് മറിയമ്മയുടെ കുടുംബം. മകളുടെ വിവാഹത്തിനായി എട്ട് സെൻറ് ഭൂമി പണയപ്പെടുത്തി 2013ലാണ് ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. തുക ആദ്യ ഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചിട്ടും ലക്ഷങ്ങളുടെ കണക്ക് വർധിച്ചുകൊണ്ടേയിരുന്നു. പതിനൊന്ന് ലക്ഷം തിരിച്ചടക്കണമെന്ന നോട്ടിസ് ലഭിച്ചതല്ലാതെ മറ്റൊരു അറിയിപ്പും ബാങ്കിൽ നിന്ന് മറിയമ്മയ്ക്ക് ലഭിച്ചിരുന്നില്ല. ഒടുവിൽ ഒമ്പത് വർഷത്തിനപ്പുറം മറിയമ്മ കേട്ടത് നാൽപത് ലക്ഷത്തിൻറെ കുടിശിക കണക്കാണ്.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ മറിയമ്മയുടെ രേഖകൾ ഉപയോഗിച്ചും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയോടെ മുന്നോട്ടുപോവുകയാണ് ഈ കുടുംബം.
മറിയമ്മയ്ക്ക് ടൈലറിംഗിലൂടെ ലഭിക്കുന്ന തുച്ചമായ വരുമാനവും, ബന്ധുക്കളുടെ സഹായവുംകൊണ്ടാണ് വൃക്ക രോഗിയായ ഭർത്താവിൻറെ ചികിത്സ തന്നെ മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ആകെ ഉണ്ടായിരുന്ന എട്ട് സെൻറ് ഭൂമി നഷ്ടപ്പെടുന്ന ആശങ്ക ഇരട്ടി പ്രഹരമെന്നോണം എത്തിയത്. എന്നാൽ മറിയമ്മയുടെ ദുരിതം ഒറ്റപ്പെട്ടതല്ല എന്നതാണ് യാഥാർത്ഥ്യം
Story Highlights: woman took 3 lakh loan from cooperative bank now have 40 lakh arrear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here