സർക്കാരിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്; മന്ത്രി പി. രാജീവ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണമെന്നും എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് 24 നോട് പറഞ്ഞു. അപകടകരമായ അവസ്ഥ ഇല്ല. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. പെരിയാറിൽ ജാഗ്രത വേണം. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നഗരത്തിലെ വെള്ളക്കെട്ടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിൽ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ( Heavy Rain, Do not ignore government warnings; P. Rajeev )
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.
Read Also: മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി
അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ രാത്രി സമയത്ത് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വർധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചത്.
Story Highlights: Heavy Rain, Do not ignore government warnings; P. Rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here