വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു; മലമ്പുഴ ഡാം ഉടൻ തുറക്കില്ല

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്നാണ് തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ 9 മണിയോടെ ഷട്ടറുകൾ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് ഉയർന്നിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിൽ ഡാം തുറക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. 112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.
Read Also: മുല്ലപ്പെരിയാർ ഷട്ടറുകൾ 11.30 ന് തുറക്കും, ജാഗ്രതാ നിർദേശം
അതിനിടെ മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീ മീറ്ററായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പിനെക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തും.
Story Highlights: Malampuzha dam will not be open for the time being
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here