ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം നാളെ; കെഎൽ രാഹുലും ദീപക് ചഹാറും തിരികെ എത്തിയേക്കും

വരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലും പേസർ ദീപക് ചഹാറും ടീമിലേക്ക് തിരികെ എത്തിയേക്കും. ഐപിഎലിനു ശേഷം രാഹുൽ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. ചഹാർ ആവട്ടെ, ഐപിഎലിലടക്കം പരുക്കേറ്റ് പുറത്തായിരുന്നു. ഇരുവരുടെയും തിരിച്ചുവരവ് ഏഷ്യാ കപ്പിലൂടെയാവുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്ന രാഹുൽ ഓപ്പണിങ് സ്ഥാനത്തു തന്നെ കളിച്ചേക്കും. രാഹുലിൻ്റെ അഭാവത്തിൽ ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ രോഹിതിനൊപ്പം ഓപ്പൺ ചെയ്തിരുന്നു. എന്നാൽ, രാഹുൽ തിരികെവരുന്നതോടെ പന്തും സൂര്യയും മധ്യനിരയിലേക്കും കിഷൻ ബാക്കപ്പ് ഓപ്പണർ റോളിലേക്കും മാറിയേക്കും.
മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കില്ല. എന്നാൽ, പാർട്ട് ടൈം സ്പിന്നർ എന്നതുകൂടി പരിഗണിച്ച് ദീപക് ഹൂഡ കളിച്ചേക്കും. ഇഷാൻ കിഷൻ ബാക്കപ്പ് ഓപ്പണറായും ശ്രേയാസ് അയ്യർ മധ്യനിരയിലെ ബാക്കപ്പ് താരമായും കളിച്ചേക്കും. ബുംറ, ഭുവി എന്നിവർക്കൊപ്പം അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ എന്നിവരിൽ ഒരാളാവും ഇന്ത്യയുടെ മൂന്നാം പേസർ. ചഹാൽ സ്പെഷ്യലിസ്റ്റ് സ്പിന്നറും ബിഷ്ണോയ് ബാക്കപ്പ് സ്പിന്നറുമാവും. അശ്വിനും സ്ക്വാഡിൽ ഉൾപ്പെടാനിടയുണ്ട്. ദിനേഷ് കാർത്തിക് ഫിനിഷർ റോളിൽ തുടരും. ജഡേജ ആവും സ്പിൻ ഓൾറൗണ്ടർ. അക്സർ ജഡേജയുടെ ബാക്കപ്പ് താരമായി ടീമിലിടം പിടിക്കും.
Story Highlights: asia cup india team tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here