വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്; ശരീരത്തില്‍ 11 മുറിവുകളുണ്ടായെന്ന് റിപ്പോര്‍ട്ട്

വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. സജീവന്റെ ശരീരത്തില്‍ പരുക്കുകളാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പെടെ 11 മുറിവുകളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. (vadakara sajeevan died in police custody confirms crime branch)
സജീവന്റെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സബ് ഇന്‍സ്പക്ടര്‍ എം നിജേഷ്, സിപിഒ ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടിയിരുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂലൈ 22ന് രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷന്‍ വളപ്പില്‍ തന്നെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. ഇയാള്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ സജീവന്‍ മരിക്കുകയായിരുന്നു.
Story Highlights: vadakara sajeevan died in police custody confirms crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here