ഗെയിംസിലെ മെഡല്‍ നേട്ടം അഭിമാനകരം; മലയാളികള്‍ക്ക് ചങ്കൂറ്റം നല്‍കുന്നതാണ് തങ്ങളുടെ വിജയമെന്ന് താരങ്ങള്‍

ഗെയിംസിലെ മെഡല്‍ നേട്ടം അഭിമാനകരമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മെഡല്‍ നേടിയ എല്‍ദോസും അബ്ദുള്ളയും ട്വന്റിഫോറിനോട് പറഞ്ഞു. ഒന്നിച്ചുള്ള മെഡല്‍നേട്ടം ഏറെ സന്തോഷം പകരുന്നതെന്ന് താരങ്ങള്‍ പറഞ്ഞു ( commonwealth games winners response ).
ഇതുപോലുള്ള വേദികളില്‍ കൂടുതല്‍ മലയാളികള്‍ എത്തട്ടെ. മെഡല്‍ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു. മലയാളികള്‍ക്ക് ചങ്കൂറ്റം നല്‍കുന്നതാണ് തങ്ങളുടെ വിജയം. ഒളിംപിക്‌സ് മെഡലാണ് സ്വപ്നം. പരിശീലനം തുടരുമെന്നും താരങ്ങള്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങള്‍ രാജ്യത്തിന് തന്നെ കരുത്തായത്. 17.03 മീറ്റര്‍ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ സുവര്‍ണനേട്ടം നേടിയപ്പോള്‍ ഒരു മില്ലിമീറ്റര്‍ വ്യത്യാസത്തില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.
വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗില്‍ നീതു ഗന്‍ഗാസ് സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവര്‍ണ നേട്ടം കുറിച്ച നീതു സൂപ്പര്‍ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടത്. ഇതോടെ ഇക്കൊല്ലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ വേട്ട 14 ആയി.
അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയ എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും മന്ത്രി അറിയിച്ചു.
‘ട്രിപ്പിള്‍ ജമ്പില്‍ എല്‍ദോസ് നേടിയ സ്വര്‍ണത്തിനും അബ്ദുള്ള നേടിയ വെള്ളിക്കും തിളക്കം ഏറെയാണ്. കേരളം അത്‌ലറ്റിക്‌സില്‍ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. കേരളത്തിന്റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണിത്. സ്‌കൂള്‍ തലം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എല്‍ദോസും അബ്ദുള്ളയും. ഈ സീസണില്‍ ഇരുവരും നല്ല ഫോമിലാണ്.’
‘ചെറുപ്പക്കാരായ ഈ താരങ്ങളില്‍ നിന്ന് ഇനിയും ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നേരത്തെ ലോങ്ങ്ജമ്പില്‍ ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വേദിയാണ്. കൂടുതല്‍ മലയാളി താരങ്ങള്‍ക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.’ – വി അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: commonwealth games winners response to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here