കക്കി- ആനത്തോട് റിസര്‍വോയര്‍ ഷട്ടര്‍ നാളെ തുറക്കും; പമ്പാതീരത്ത് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കക്കി- ആനത്തോട് റിസര്‍വോയര്‍ ഷട്ടര്‍ നാളെ തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറക്കുക. 35 മുതല്‍ 50 ക്യുമെക്‌സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ പമ്പയില്‍ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരും. പമ്പാതീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. (Kakki Reservoir shutter will open tomorrow )
ഡാം തുറക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 2, 4 എന്നീ ഷട്ടറുകള്‍ കൂടി 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 100 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുകും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഇടുക്കി ജലസംഭരണിയുടെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 84.5 ശതമാനമാണിത്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.
Story Highlights: Kakki Reservoir shutter will open tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here