സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ സജീവ ഐഎസ് അംഗം പിടിയിൽ

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനമായ ഡൽഹിയിൽ എൻഐഎ പരിശോധന. നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ ബട്‌ല ഹൗസ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതി ഐഎസിന്റെ സജീവ പ്രവർത്തകനാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രതി മൊഹ്‌സിൻ അഹമ്മദ് ബിഹാർ സ്വദേശിയാണെന്ന് എൻഐഎ വൃത്തങ്ങൾ പറയുന്നു. ഐസിസിന്റെ ഓൺലൈൻ പ്രചരണം നടത്തി വരികയായിരുന്നു ഇയാൾ. കുറച്ചുകാലമായി ബട്‌ല ഹൗസിൽ ഒളിവിൽ കഴിഞ്ഞിരുന്നു. അന്വേഷണത്തിൽ മൊഹ്‌സിന്റെ സോഷ്യൽ മീഡിയയിൽ സംശയാസ്പദമായ പ്രവർത്തനങ്ങളെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഐസിസിന്റെ ഓൺലൈൻ പ്രചരണം നടത്തുന്നതായി കണ്ടെത്തി.
പിടിയിലായ ഭീകരനെ എൻഐഎ സംഘം ചോദ്യം ചെയ്യുകയാണ്. ആഗസ്റ്റ് 15ന് സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 153 എ, 153 ബി, യുഎ (പി) നിയമത്തിലെ സെക്ഷൻ 18, 18 ബി, 38, 39, 40 എന്നിവ പ്രകാരം ജൂൺ 25 ന് കേസ് രജിസ്റ്റർ ചെയ്ത എൻഐഎ സംഘം അന്വേഷണം നടത്തിവരികയായിരുന്നു. നിലവിൽ തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതോടെ പൊലീസ് ജാഗ്രതയിലാണ്. നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights: NIA arrests ‘active ISIS member’ from Delhi ahead of Independence Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here