‘കൊവിഡല്ലേ, വരട്ടെ’; തഹിലിയ മഗ്രാത്തിനെ കളിപ്പിച്ചതിൽ ന്യായീകരണവുമായി ഓസീസ് താരം

കൊവിഡ് ബാധിച്ചിട്ടും തഹിലിയ മഗ്രാത്തിനെ കളിപ്പിച്ചതിൽ ന്യായീകരണവുമായി ഓസീസ് പേസർ മേഗൻ ഷട്ട്. തഹിലിയ കളിച്ചിട്ട് തങ്ങൾക്ക് കൊവിഡ് വരികയാണെങ്കിൽ വരട്ടെ എന്നായിരുന്നു മേഗൻ പ്രതികരിച്ചത്. ഇന്ത്യക്കെതിരായ ഫൈനൽ മത്സരത്തിലാണ് കൊവിഡ് പോസിറ്റീവായ തഹിലിയ മഗ്രാത്ത് കളിച്ചത്. (megan schutt tahlia mcgrath)
എല്ലാവരും സന്തോഷത്തോടെയാണ് കളിച്ചതെന്ന് മേഗൻ പറഞ്ഞു. തഹിലിയയ്ക്കും സന്തോഷമായിരുന്നു. പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, പോസിറ്റീവ് റിസൽട്ട് കണ്ട് തഹിലിയ ഞെട്ടിയിരുന്നു. കൊവിഡല്ലേ അത്. നമ്മൾ അതിലൂടെയല്ലേ ജീവിക്കുന്നത് എന്നും മേഗൻ ഷട്ട് ദി ഗാർഡിയനോട് പ്രതികരിച്ചു.
കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാണ് താരം കളിക്കാനിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിനു മുൻപ് ടീം അംഗങ്ങളുമായി ഇടപഴകാതെ ഒറ്റക്കാണ് മഗ്രാത്ത് ഇരുന്നത്. ദേശീയ ഗാനത്തിൻ്റെ സമയത്തും താരം ടീമിനൊപ്പം നിന്നില്ല.
Read Also: കോമൺവെൽത്ത് ഗെയിംസ്; വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ
മത്സരത്തിൽ രണ്ട് റൺസെടുത്ത് പുറത്തായ താരം 2 ഓവറിൽ 24 റൺസ് വഴങ്ങി. ഷഫലൈ വർമയുടെ ക്യാച്ചെടുത്ത തഹിലിയക്കരികിലേക്ക് ഓസീസ് ടീം ആഘോഷിക്കാനായി വന്നെങ്കിലും താരം അവരെ തടഞ്ഞു.
ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റൺസിൽ അവസാനിച്ചു. 43 പന്തുകളിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗ്സും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ചുനിന്നത്.
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.
Story Highlights: megan schutt response tahlia mcgrath covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here