ഒമ്പതാംക്ലാസുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി
കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സ്കൂൾ വിദ്യാർത്ഥികളെ ലഹരി നൽകി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കും. ( Sexual harassment with cannabis; Child Rights Commission sought report )
പല പ്രായത്തിലുള്ള 11 പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നത് പ്രായപൂർത്തിയാകാത്ത പയ്യനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരി നടത്തിയത്. കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളാണ് ഈ പയ്യനെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നൽകിയിട്ടുള്ളൂ എന്നും എന്നാൽ ചേച്ചിമാർക്ക് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു.
ഒമ്പതാംക്ലാസുകാരിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.
താൻ പുറത്താണ് പഠിച്ചതെന്നും അവിടെ റാഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഈ ഡിപ്രഷൻ മാറ്റാൻ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് തന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം പെൺകുട്ടികളുടെ കൂടെയാണ് അവൻ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്ലാക്ക്മയിൽ ചെയ്യുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു.
സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോഗിക്കുന്ന വിഡിയോ പയ്യന്റെ ബന്ധു ഫോണിൽ അയച്ച് തന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി പീഡന വിവരം ഉൾപ്പടെ പുറത്തുപറയുന്നത്.
Story Highlights: Sexual harassment with cannabis; Child Rights Commission sought report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here