കിഫ്‌ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്
കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തിനെതിരെ സിപിഐഎം നിയമപോരാട്ടത്തിലേക്ക്. മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എൽ.എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുകയാണ് സിപിഐ എം. അതിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ആദ്യം വ്യക്തമാക്കണമെന്ന് കാട്ടി ഇ.ഡിക്ക് കത്തയച്ചു. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചതും പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്.
സമൻസുകൾ റദ്ദാക്കണമെന്ന മുൻ ധനമന്ത്രിയുടെ ഹർജി, ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്തെങ്കിലും കുറ്റം നടന്നെങ്കിൽ മാത്രമേ അന്വേഷണത്തിന് കഴിയുകയുള്ളൂ. ഇ.ഡിയുടെ അന്വേഷണം സംശയാസ്പദമാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമങ്ങൾക്ക് വിധേയമായാണ്. തനിക്കെതിരെയുള്ള സമൻസ് ഫെമയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.
Read Also: കിഫ്‌ബിയ്ക്കെതിരായ ഇ ഡി അന്വേഷണം; ഭരണപക്ഷ എംഎൽഎമാർ ഹൈക്കോടതിയിൽ
അതേസമയം കിഫ്‌ബിയ്ക്കെതിരെയുള്ള ഇ ഡി അന്വേഷണത്തിനെതിരെ ഭരണപക്ഷ എം.എൽ.എമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം. മുകേഷ്, ഐ.ബി. സതീഷ് എന്നിവർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
Story Highlights: CPI(M) to resist hobble KIIFB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here