‘സിനിമയിലെ വിഷയം തമിഴ്നാട്ടിലെ കുഴി’; പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ

‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. (kunchacko boban response controversy)
ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയത്. ചിത്രത്തിന് ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോ? വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Read Also: നടിയോടൊപ്പം എന്നതിലുപരി താൻ സത്യത്തിനൊപ്പം: കുഞ്ചാക്കോ ബോബൻ
‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്.
വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം. സുപ്രിം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ, ടിസി രാജേഷ് തുടങ്ങിയവർ പോസ്റ്ററിനെതിരെ രംഗത്തുവന്നു. അതേസമയം, പോസ്റ്ററിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തുവരുന്നുണ്ട്.
വാചകത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതികരിക്കാനില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.
ഇതിലെ രസകരമായ ഒരു കാര്യം, റോഡിലെ കുഴിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് സിനിമ പറയുന്നത് എന്നതാണ്. ട്രെയിലറിൽ റോഡിലെ കുഴിയെപ്പറ്റി പരാമർശമുണ്ട്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’. കുഞ്ചാക്കോ ബോബനൊപ്പം ഗായത്രി, അനഘ മരിയ വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
Story Highlights: kunchacko boban response controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here