“ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം”; പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. “ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം” എന്ന തലക്കെട്ടോടെ രസകരമായ ഒരു കുറിപ്പാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരും സെലക്റ്റീവ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളുമാണ് ഇടതുപക്ഷ സഹയാത്രികർ എന്ന് അദ്ദേഹം വിമർശിക്കുന്നുണ്ട്. ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണം. “വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്” എന്ന വാചകത്തോടെയാണ് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ( Movie Poster Controversy; Thiruvanchoor Radhakrishnan against CPIM )
സിനിമയുടെ പോസ്റ്റർ വിവാദത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായെത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയത്. ചിത്രത്തിന് ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോ? വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്. വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം.
ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരായ ഇടതുപക്ഷ സഹയാത്രികർ, “കലാസൃഷ്ടിയോട് പ്രതിഷേധം, കുഴിയോട് ഐക്യദാർഢ്യം” പുലർത്തുന്ന സെലക്റ്റീവ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷ സഹയാത്രികർ, എന്ത് തെറ്റിനെയും ന്യായീകരിച്ച് വഷളാക്കി തിരുത്തലിന് പോലും പ്രേരിപ്പിക്കാതെ സ്വന്തം പ്രസ്ഥാനത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്ന ഇജ്ജാതി നവ ഇടതുപക്ഷ സഹയാത്രികർ, ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണം. എന്തൊക്കെ പറഞ്ഞാലും, ആരൊക്കെ ന്യായീകരിച്ചാലും “വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്”.
Story Highlights: Movie Poster Controversy; Thiruvanchoor Radhakrishnan against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here