Advertisement

‘വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് പോസ്റ്റർ; ‘ന്നാ താൻ കേസ് കൊട്’ സിനിമയെച്ചൊല്ലി രാഷ്ട്രീയ വിവാദം

August 11, 2022
2 minutes Read
nna than case kodu poster controversy

കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ചിത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്. (nna than case kodu poster controversy)

Read Also: നടിയോടൊപ്പം എന്നതിലുപരി താൻ സത്യത്തിനൊപ്പം: കുഞ്ചാക്കോ ബോബൻ

വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം. സുപ്രിം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ, ടിസി രാജേഷ് തുടങ്ങിയവർ പോസ്റ്ററിനെതിരെ രംഗത്തുവന്നു. അതേസമയം, പോസ്റ്ററിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തുവരുന്നുണ്ട്.

വാചകത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതികരിക്കാനില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

ഇതിലെ രസകരമായ ഒരു കാര്യം, റോഡിലെ കുഴിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് സിനിമ പറയുന്നത് എന്നതാണ്. ട്രെയിലറിൽ റോഡിലെ കുഴിയെപ്പറ്റി പരാമർശമുണ്ട്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’. കുഞ്ചാക്കോ ബോബനൊപ്പം ഗായത്രി, അനഘ മരിയ വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

Story Highlights: nna than case kodu poster controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top