സഹകരണസംഘത്തിൽ ജോലി വാഗ്ദാനം; കോൺഗ്രസ് നേതാവും സ്വാമി തപസ്യാനന്ദയും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരത്ത് സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പേരൂർക്കട ആസ്ഥാനമായ ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മോഹനൻ, ഭാര്യാ സഹോദരനായ ആർ.ജെ.അരുൺ എന്നിവരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. ( congress worker and swami robbed lakhs )
രണ്ടുവർഷം മുൻപാണ് എൻജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവൻകൂർ സോഷ്യൽ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പർമാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ സമീപിച്ചത്. 12 ലക്ഷം രൂപ നൽകിയാൽ സൊസൈറ്റിയിൽ സ്ഥിരം ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഏഴു ലക്ഷം രൂപ സൊസൈറ്റി പ്രസിഡന്റ് അഭിലാഷിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കാനും ബാക്കി അഞ്ചുലക്ഷം രൂപ ഇട നിലക്കാരനായ സ്വാമി തപസ്യാനന്ദക്ക് നൽകാനും നിർദേശിച്ചു. ഒരു വർഷത്തിന് ശേഷം നിക്ഷേപത്തുക തിരിച്ചു നൽകാമെന്നും വാഗ്ദാനമുണ്ടായി.
ഇതനുസരിച്ച് ശ്രീക്കുട്ടനും ബന്ധുവും പണം കൈമാറി സൊസൈറ്റിയുടെ വെള്ളറട ശാഖയിൽ ജോലിയിൽ പ്രവേശിച്ചു. 2021 ജൂലായ് വരെ ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുടങ്ങി. തട്ടിപ്പ് മനസ്സിലായി നിക്ഷേപിച്ച തുക തിരിച്ചുചോദിച്ചെങ്കിലും ലഭിച്ചില്ല.
ശ്രീക്കുട്ടനും ബന്ധുവിനും ചേർന്ന് 30 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിനിടെ വ്യാപക ക്രമക്കേട് മൂലം നിക്ഷേപകർക്ക് പണം നൽകാൻ സാധിക്കാതെ വന്നതോടെ സഹകരണ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലായി. അഭിലാഷ് ബാലകൃഷ്ണൻ അടക്കമുള്ളവരെ പരാതിക്കാർ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വണ്ടിച്ചെക്ക് നൽകി പറ്റിച്ചതായും പോലീസ് എഫ്‌ഐആർ ഇട്ടിട്ടും നടപടികളില്ലെന്നും പരാതിക്കാർ പറയുന്നു.
Story Highlights: congress worker and swami robbed lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here