Advertisement

ലഹരിക്കെണിയിൽ കുട്ടികൾ; തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ്

August 12, 2022
2 minutes Read
excise department drugs update

ലഹരിക്കെനിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. ലഹരിക്കടത്ത് തടയാനായി സ്പെഷ്യൽ ഡ്രൈവിനു തുടക്കമിട്ടതായി കണ്ണൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി രാകേഷ് 24നോട് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ശക്തമാക്കും. കണ്ണൂർ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ വ്യക്തമാക്കി. (excise department drugs update)

ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം 24നോട് പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Read Also: വിദ്യാർത്ഥിനിയ്ക്ക് ലഹരി നൽകി പീഡിപ്പിച്ച കേസ്; പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം

തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവർ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കൾ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. മറ്റ് ഏഴ് പെൺകുട്ടികളുമായി തൻ്റെ മകൾ ബന്ധപ്പെട്ടത് പ്രതിയുടെ ഫോണിൽ നിന്നാണ് എന്നും മാതാപിതാക്കൾ 24നോട് പ്രതികരിച്ചു.

പ്രായപൂർത്തിയാവാത്ത ഒരു അതിജീവിതയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയിൽ വിളിച്ചുവരുത്താറില്ല. എന്നാൽ, ഇവിടെ 9ആം ക്ലാസുകാരിയായ പെൺകുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാൻ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാൻ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നൽകിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കൾ 24നോട് പ്രതികരിച്ചു.

പല പ്രായത്തിലുള്ള 11 പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നത് പ്രായപൂർത്തിയാകാത്ത പയ്യനാണെന്ന് പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയിരുന്നു. കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളാണ് ഈ പയ്യനെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നൽകിയിട്ടുള്ളൂ എന്നും എന്നാൽ ചേച്ചിമാർക്ക് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു.

പലപ്പോഴും ലഹരി ഉപയോ​ഗിച്ച ശേഷം പെൺകുട്ടികളുടെ കൂടെയാണ് അവൻ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്ലാക്ക്‌മെയിൽ ചെയ്യുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു.

Story Highlights: excise department drugs update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top