കേശവദാസപുര കൊലപാതകത്തില്‍ നിര്‍ണായക തൊണ്ടിമുതലായ കത്തി കണ്ടെടുത്തു

കേശവദാസപുരം മനോരമ കൊലപാതകത്തില്‍ നിര്‍ണായക തൊണ്ടിമുതലായ കത്തി പൊലീസ് കണ്ടെടുത്തു. പ്രതി ആദം അലിയുമായി ഉള്ള തെളിവെടുപ്പിനിടെയാണ് മനോരമയുടെ വീടിന് സമീപത്തുള്ള ഓടയില്‍ നിന്നും കത്തി കണ്ടെടുത്തത്. ആദം അലി തട്ടിയെടുത്ത സ്വര്‍ണമാല കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തെളിവെടുപ്പിനിടെ പ്രതിയെ കൈയേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു ( Knife found in Kesavadasapura murder ).
കേശവദാസപുരത്തെ മനോരമ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ കഴിയുന്ന ആദം അലിയുമായി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷാ വലയത്തില്‍ ആയിരുന്നു കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലെ തെളിവെടുപ്പ്. പ്രതിയെ എത്തിച്ചതോടെ നാട്ടുകാര്‍ രോഷകുലരായി. രണ്ട് തവണ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് പൊലീസ് നാട്ടുകാരെ വിരട്ടിയോടിച്ചു.
മനോരമയുടെ കഴുത്തില്‍ കുത്തിയ കത്തി വീടിന് പരിസരത്തെ ഓടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മനോരമയെ ആക്രമിച്ചത് മുതല്‍ മൃതശരീരം കിണറ്റില്‍ കൊണ്ടിട്ടതു വരെയുള്ള കാര്യങ്ങള്‍ ആദം അലി പൊലീസിനോട് വിവരിച്ചു. മനോരമയുടെ വീട്ടിലും മൃതശരീരം കണ്ടെത്തിയ സമീപപ്രദേശത്തും ആദം അലി ജോലി ചെയ്തിരുന്ന നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടത്തിലും പൊലീസ് തെളിവെടുപ്പ് നടത്തി. മനോരമയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത ആറു പവന്റെ സ്വര്‍ണ്ണമാല തെളിവെടുപ്പില്‍ കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് കൃത്യമായ മറുപടി പ്രതി പൊലീസിന് നല്കാന് തയാറായില്ല. തെളിവെടുപ്പ് രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. കേശവദാസപുരത്തെ മനോരമ എന്ന വയോധികയെ കഴിഞ്ഞ ഞായറാഴ്ചയാണ് ബംഗാള്‍ സ്വദേശിയായ ആദം അലി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
Story Highlights: Knife found in Kesavadasapura murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here