മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയോട് ക്രൂരത; പേരൂർക്കട എസ്ഐയ്ക്ക് സസ്‌പെൻഷൻ, നടപടിയിൽ സന്തോഷമെന്ന് കുടുംബം

തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ വ്യാജ മോഷണകുറ്റം ചുമത്തി മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടപടി. പേരൂർക്കട SI എസ് ഡി പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. മാല മോഷണം പോയതിനാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും രാത്രി 11 മണിക്ക് ശേഷമാണ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്.
ബിന്ദുവിന് ഭക്ഷണവുമായി എത്തിയ മകനോടും പൊലീസ് കയർത്താണ് സംസാരിച്ചിരുന്നത്. കുടുംബത്തെ മുഴുവനായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. 20 മണിക്കൂറായിരുന്നു തന്റെ ഭാര്യ ഒരു തെറ്റും ചെയ്യാതെ സ്റ്റേഷനിൽ കഴിഞ്ഞത്. അമ്പലമുക്ക്, കവടിയാർ ഭാഗത്ത് തന്നെയും കുടുംബത്തെയും കണ്ടുപോകരുതെന്ന് പൊലീസുകാർ പറഞ്ഞു. സസ്‌പെൻഷൻ നടപടിയിൽ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. തങ്ങളെ അപമാനിച്ച കൂട്ടത്തിൽ ഇനിയും രണ്ട് പൊലീസുകാർ കൂടിയുണ്ട്, അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നും ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചു.
Read Also: കാളികാവിലെ നരഭോജി കടുവയെ മയക്കുവെടി വെച്ചാൽ പോര, കൊല്ലണം; പഞ്ചായത്ത് പ്രസിഡന്റ്
മൂന്ന് പുരുഷന്മാരായ പൊലീസുകാരാണ് മോശമായി പെരുമാറിയത്. താൻ തന്നെയാണ് മോഷണം നടത്തിയത് എന്ന രീതിയിലാണ് സ്റ്റേഷനിലെ പൊലീസുകാർ പെരുമാറിയിരുന്നത്. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പൊലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചെയ്തു. രാത്രി മുഴുവൻ ചോദ്യം ചെയ്തു. മക്കളെ പോലും പൊലീസ് കേസിലേക്ക് വലിച്ചിഴച്ചു. കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും ബിന്ദു പറഞ്ഞു.
വീട്ടുടമ യാതൊരു തെളിവുകളുമില്ലാതെ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു അതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വീട്ടുടമയ്‌ക്കെതിരെയും പരാതികൊടുക്കുമെന്നും ബിന്ദു പറഞ്ഞു.
Story Highlights : Thiruvananthapuram Peroorkada SI suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here