Advertisement

അയ്യോ മതിയായേ…! ആർത്തവ വേദന അനുഭവിച്ചറിഞ്ഞ് ഹൈബി ഈഡൻ

August 13, 2022
Google News 2 minutes Read
Hibi Eden experienced menstrual pain

ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രാംപ്സ് എന്ന മസിൽ വേദന സിമുലേറ്ററിലൂടെ അനുഭവിച്ച് കൊച്ചിയിലെ യുവത്വം. ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കിയത്. ഹൈബി ഈഡൻ എംപി കൂടി യുവാക്കൾക്ക് ഒപ്പം ചേർന്നതോടെ ആർത്തവ വേദന അനുഭവിച്ചറിഞ്ഞ കൊച്ചിയിലെ പിള്ളേർക്ക് അത്ഭുതം, എല്ലാ മാസവും ആർത്തവ നാളുകളിൽ ഇത്രയും വേദന അനുഭവിക്കുന്നവരാണോ നമ്മുടെ സ്ത്രീകൾ ? സിമുലേറ്റർ കണ്ട ആവേശത്തിൽ ഒന്ന് പരീക്ഷിക്കാമെന്ന് കരുതിയവരിൽ 80 ശതമാനവും സിമുലേറ്ററിലൂടെ പൂർണ വേദന അനുഭവിക്കും മുൻപേ പരീക്ഷണം മതിയാക്കി ( Hibi Eden experienced menstrual pain ).

മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് ഹൈബി ഈഡൻ എംപി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലു മാളിൽ ഒരുക്കിയ പ്രത്യേക പവലിയനിലാണ് സിമുലേറ്റർ ഉപയോഗിച്ച് ആർത്തവ വേദന അനുഭവിച്ചറിയാൻ പുരുഷന്മാർക്ക് അവസരമൊരുക്കിയത്. ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വയർ കൊളുത്തി പിടിക്കുന്ന വേദന നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോഴാണ് എത്രത്തോളം വേദനയാണ് എല്ലാ മാസവും സ്ത്രീകൾ അനുഭവിക്കുന്നതെന്ന ബോധ്യം പലർക്കുമുണ്ടായത്.

Read Also: ജൻഡർ ന്യൂട്രൽ: ഒരിടത്തും യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി

ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനയോളം വരില്ലെങ്കിലും ഒന്ന് മുതൽ പത്ത് വരെ യൂണിറ്റുകൾ വേദനകളായി അനുഭവിക്കുന്ന തരത്തിലാണ് സിമുലേറ്റർ രൂപകൽപന ചെയ്തിരിക്കുന്നത്. ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാൻ പരീക്ഷണത്തിന് തയാറായ പല പുരുഷ കേസരികൾക്കും കഴിഞ്ഞു. മൂന്ന് യൂണിറ്റ് ആകുമ്പോഴേക്കും അസഹ്യമായ വേദനയെന്ന് പലരും പറഞ്ഞു. അപൂർവം ചിലർക്ക് മാത്രമാണ് എട്ട് യൂണിറ്റ് വരെ വേദന താങ്ങാൻ കഴിഞ്ഞത്. ഹൈബി ഈഡൻ എംപിയും യൂ ട്യൂബ് ഇൻഫ്ളുവൻസർ ശരൺ നായരും സിമുലേറ്റർ പരീക്ഷിച്ചു.

ആർത്തവ വേദനയെ കുറിച്ച് അവബോധമുണ്ടാക്കാനും ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന മൂഡ് സ്വിങ്ങ്സ്, ബുദ്ധിമുട്ടുകൾ എന്നിവ സമൂഹം തുറന്ന മനസോടെ ചർച്ച ചെയുന്നതിനുമായാണ് സിമുലേറ്റർ ഉപയോഗിച്ച് ഇത്തരമൊരു സാമൂഹ്യ പരീക്ഷണത്തിന് തയാറായതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഇത്രയും വേദന സഹിച്ചാണ് ആർത്തവ നാളുകളിൽ പെൺകുട്ടികൾ സ്‌കൂളിലും കോളജിലും പരീക്ഷകൾക്കും മറ്റും ഹാജരാവുകയും ജോലിക്ക് ഹാജരാവുകയും ചെയ്യുന്നതെന്ന് സമൂഹത്തെ കൂടി ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റിലാക്സേഷന് വേണ്ടി ഉപയോഗിക്കുന്ന ഫിസിയോ തെറാപ്പി ഉപകരണമാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി സിമുലേറ്ററാക്കി മാറ്റിയതെന്ന് കപ്പ് ഓഫ് ലൈഫ് പ്രോജക്ട് കോർഡിനേറ്റർ ഡോ.അഖിൽ സേവ്യർ മാനുവൽ പറഞ്ഞു.

വരും ദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ സിമുലേറ്റർ ഉപയോഗിച്ചുള്ള സാമൂഹ്യ പരീക്ഷണം നടത്തുമെന്ന് കപ്പ് ഓഫ് ലൈഫ് സംഘാടകർ അറിയിച്ചു. ഇതിനകം രാജ്യത്തെ 13 സംസ്‌ഥാനങ്ങളിൽ നിന്ന് സിമുലേറ്ററിനെ കുറിച്ചും കപ്പ് ഓഫ് ലൈഫ് പരിപാടിയെ കുറിച്ചും അന്വേഷണങ്ങൾ വന്നതായി ഡോ.അഖിൽ പറഞ്ഞു.

Story Highlights: Hibi Eden experienced menstrual pain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here