അങ്കണവാടിയിലെ വാട്ടര്‍ടാങ്കില്‍ ചത്ത എലിയും പുഴുക്കളും; സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്. (Dead rats and worms in water tank at Angadawadi)
വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തില്‍ പുഴു നുരയ്ക്കുന്നത് കണ്ടതോടെ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി.
Read Also: മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ തീര്‍ന്ന് രോഗി മരിച്ചതായി പരാതി
കുട്ടികള്‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാകുന്നതിന് കാരണം ഈ വെള്ളമാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംഭവത്തില്‍ ഗുരുതര വീഴ്ച അങ്കണവാടി ജീവനക്കാര്‍ക്കുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പഴയന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Story Highlights: Dead rats and worms in water tank at Angadawadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here