Advertisement

വിസി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹം: കെ സുധാകരന്‍ എംപി

August 17, 2022
Google News 2 minutes Read
k sudhakaran fb post against narendra modi

സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയിന്‍ മേല്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെ ഉദേശശുദ്ധി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ തകര്‍ത്തത് ഇടതു ഭരണമാണ്. അധ്യാപക തലത്തിലുള്ള രാഷ്ട്രീയ നിയമനങ്ങള്‍ അതിന് വേഗം പകര്‍ന്നു. കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിര്‍ത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട നിയമനം നല്‍കുകയാണ്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളുടെ പട്ടികയില്‍ നിന്നും കേരളത്തിലെ സര്‍വകലാശാലകള്‍ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ പ്രഫസര്‍മാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതല്‍ വ്യക്തമാകും. മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വകലാശാലയില്‍ നിയമനം, മുന്‍എംപി പികെ ബിജുവിന്റെ ഭാര്യയക്ക് കേരള സര്‍വകലാശാലയില്‍ നിയമനം, സ്പീക്കര്‍ എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം, എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യയെ കാലിക്കട്ട് സര്‍വകലാശാലയില്‍ നിയമിക്കാന്‍ നീക്കം അങ്ങനെ സര്‍വകലാശാലകളെ തകര്‍ക്കുന്ന സിപിഎമ്മിന്റെ കൈകടത്തലുകളുടെ പട്ടിക നീണ്ടുപോകുകയാണ്. ഇത്തരം ക്രമവിരുദ്ധ നിയമനങ്ങള്‍ തുടരാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് വിസി നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ കുത്സിത നീക്കമെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ.പ്രഫസറായി നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിക്കാന്‍ വഴിവിട്ട ഇടപെടലുകളാണ് നടത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്ന ആക്ഷേപം വിവാദമാണ്. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് 8 വര്‍ഷം അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ പ്രിയാ വര്‍ഗീസിന് ആ യോഗ്യതയില്ല. എന്നിട്ടും അവരെ ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഒന്നമാതെത്തിച്ചത് യുജിസി ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ്.എന്നാല്‍ ഈ നിയമനം ശരിവെയ്ക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്. സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം എത്രത്തോളം ഉണ്ടെന്ന് തെളിവാണ് വിസിയുടെ നിലപാട്. സര്‍വകലാശാലകളില്‍ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതും ആയിരിക്കും സര്‍ക്കാരിന്റെ പുതിയ ബില്ലെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ അഴിമതിയും സ്വജനപക്ഷപാതവും ഇത്രയും നാള്‍ കൊടികുത്തി വാണിട്ടും ഗവര്‍ണര്‍ നിശബ്ദത പാലിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് വഴിവിട്ട നിയമനം നല്‍കി ഹൈജാക്ക് ചെയ്തപ്പോള്‍ ഗവര്‍ണര്‍ കുറ്റകരമായ മൗനമാണ് തുടര്‍ന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Story Highlights: Government stand on VC appointment is mysterious: K Sudhakaran MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here