സ്പോർട്സ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു

റിയാദിന് സമീപം ചെറു സ്പോർട്സ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു. റിയാദിന് വടക്കുള്ള അൽതുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ‘ടെക്നാം’ ഇനം ചെറു സ്പോർട്സ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസ് വ്യക്തമാക്കി. വിമാനത്തിൽ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്ന് പൈലറ്റ് മരിച്ചതായും സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ അൽതുമാമ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 6:30 ന് ആണ് വിമാനം പറന്നുയർന്നത്. പരിശീലന പറക്കലായിരുന്നു. സൗദി പൗരനായ പൈലറ്റാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിന് ശേഷം പൈലറ്റിൽനിന്ന് സഹായംതേടി വിളി വരികയും പിന്നീട് ബന്ധം മുറിഞ്ഞുപോകുകയും ചെയ്തു. ശേഷം ഫ്ലൈറ്റ് അക്കാദമിയിൽ നിന്ന് അന്വേഷണ വിമാനം അയക്കുകയായിരുന്നു.
Read Also: അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന
അൽതുമാമ വിമാനത്താവളത്തിന് വടക്ക് അഞ്ച് കിലോമീറ്റർ അകലെ വിമാനം തകർന്നതായി കണ്ടെത്തി. ഉടനെ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. അപകടമുണ്ടായ സാഹചര്യവും കാരണങ്ങളും കണ്ടെത്തുന്നതിന് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Story Highlights: Saudi pilot intern dies in light-sport aircraft crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here