Advertisement

‘പുസ്തകങ്ങളും എഴുത്തുകാരും’ – റിയാദിൽ പ്രിയദർശനി പബ്ലിക്കേഷന്റെ സാഹിത്യപരിപാടിക്ക് തുടക്കം

April 13, 2025
1 minute Read

കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്ററിന്റെ ദ്വൈമാസ സാഹിത്യാസ്വാദന പരിപാടിക്ക് റിയാദിൽ തുടക്കമായി. ‘പുസ്തകങ്ങളും എഴുത്തുകാരും’ എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടിയുടെ സൗദി തല ഉദ്‌ഘാടനം മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് നിർവഹിച്ചു. വായനയില്ലാത്ത മനുഷ്യൻ കാലസ്​തംഭനം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെയും തന്റെ കാലങ്ങളെയും അറിയാൻ വായന കൂടിയേ തീരൂ. ചരിത്രം വായിക്കാത്ത പുതുതലമുറ വളരുന്നതാണ് നിർമ്മിത ചരിത്രങ്ങളെ പലയിടത്തും തിരുത്താൻ കഴിയാതെ പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് പതിറ്റാണ്ടിലേറെയായി റിയാദിൽ പ്രവാസം നയിക്കുന്ന എഴുത്തുകാരൻ റഫീഖ് പന്നിയങ്കരയുടെ പുസ്തകങ്ങളും എഴുത്ത് അനുഭവങ്ങളുമാണ് ഉദ്‌ഘാടന ദിവസം ചർച്ച ചെയ്തത്. തന്റെ വായന അനുഭവങ്ങളും എഴുത്തിലേക്കെത്തിയ രീതിയും റഫീഖ് വിശദീകരിച്ചു. കോഴിക്കോട്ടൊരു പുസ്തകോത്സവത്തിൽ വെച്ചാണ് കടമ്മനിട്ടയും വൈക്കം മുഹമ്മദ് ബഷീറും ഉൾപ്പടെയുള്ള അക്കാലത്തെ എഴുത്തിന്റെ കുലപതികളായവരെ കണ്ടു മുട്ടുന്നത്. അവരെപോലെയൊക്കെ എഴുതി തെളിയണമെന്ന് ആഗ്രഹിച്ചെങ്കിലും അവരിലേക്കുള്ള ദൂരം ഇനിയും ഏറെ അകലെയാണെന്ന് റഫീഖ് പറഞ്ഞു.

പണം സ്വരൂക്കൂട്ടി വായിക്കാനുള്ള പുസ്തകങ്ങൾ വാങ്ങുന്നതായിരുന്നു അക്കാലത്തെ ലഹരി. വായന ലഹരിയാക്കിയാൽ എല്ലാ അർഥത്തിലും മനുഷ്യന് പുരോഗതിയുടെ പടവ് കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികൾ അതത് പ്രവിശ്യകളിലെ ഒ.ഐ.സി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ പരിപാടിയിൽ പറഞ്ഞു.

പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം അഡ്വ. അജിത് അധ്യക്ഷത വഹിച്ചു. സൗദി കോ-ഓഡിനേറ്റർ നൗഫൽ പാലക്കാടൻ ആമുഖം പറഞ്ഞു. എഴുത്തുകാരായ സബീന എം. സാലി, നിഖില സമീർ, സുബൈദ കോമ്പിൽ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, ഷംനാദ് കരുനാഗപള്ളി, മുഹമ്മദലി മണ്ണാർക്കാട്, ഷിബു ഉസ്മാൻ, ഷാഫി മാസ്റ്റർ,ശുകൂർ ആലുവ എന്നിവർ സംസാരിച്ചു. കൗൺസിൽ അംഗം നാദിർഷ സ്വാഗതവും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

Story Highlights : Priyadarshani Publication’s literary program begins in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top