വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ അസാധാരണ പ്രതിസന്ധി

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ അസാധാരണ പ്രതിസന്ധി. കമ്മീഷന്‍ അംഗത്തിന്റേയും ചെയര്‍മാന്റേയും ഒഴിവ് നികത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. വിരമിക്കുന്നതിന് ആറുമാസം മുമ്പ് അംഗത്തെയും ചെയര്‍മാനെയും തെരഞ്ഞെടുക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതോടെ പ്രധാനപ്പെട്ട സംഭവങ്ങളിലുള്ള തെളിവെടുപ്പും വൈദ്യുതി വാങ്ങല്‍ ഇടപാടുകളും നിലച്ചു.
2003 ലെ വൈദ്യുതി നിയമം അനുസരിച്ച് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് എല്ലാ തീരുമാനങ്ങളുമെടുക്കേണ്ടത് റെഗുലേറ്ററി കമ്മിഷനാണ്. രണ്ടംഗങ്ങളും ചെയര്‍മാനുമുള്ള റെഗുലേറ്ററി കമ്മിഷനില്‍ ഇപ്പോഴുള്ളത് ഒരംഗം മാത്രമാണ്. 2020ല്‍ വിരമിച്ച അംഗത്തിന് പകരം പുതിയ നിയമനമുണ്ടായിട്ടില്ല. കമ്മിഷന്‍ അംഗമായിരുന്ന എസ് വേണുഗോപാല്‍ വിരമിച്ചത് 2020 ഏപ്രിലിലാണ്. പകരം നിയമനം നടത്താനുള്ള നടപടികളില്‍ നിയമനടപടികളില്‍ കുടുങ്ങി. എന്നാല്‍ ഇതു പരിഹരിക്കാനോ പുതിയ നിയമനം നടത്താനോ രണ്ടു വര്‍ഷമായിട്ടും സര്‍ക്കാരിനായിട്ടില്ല.
ചെര്‍മാനായിരുന്ന പ്രേമന്‍ ദിനരാജന്‍ ജൂലൈ 17നാണ് വിരമിച്ചത്. എന്നാല്‍ ഇതുവരേയും പുതിയ ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. അംഗവും ചെയര്‍മാനും വിരമിക്കുന്നതിന് ആറു മാസം മുമ്പ് പുതിയ അംഗത്തേയും ചെയര്‍മാനേയും തെരഞ്ഞെടുക്കണമെന്നാണ് വൈദ്യുതി നിയമത്തിലെ വ്യവസ്ഥ. ഇത് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. ഇതോടെ സര്‍ക്കാരിന്റെ ഗുരുതര അലംഭാവം വൈദ്യുതി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറി. ഇപ്പോഴുള്ളത് വൈദ്യുതി മേഖലയില്‍ പരിചയമില്ലാത്ത അംഗം മാത്രമാണ്.
വൈദ്യുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ സാങ്കേതിക വിഭാഗത്തില്‍ നിന്നുള്ള അംഗം നിര്‍ബന്ധമാണ്. ഒരംഗം മാത്രമായതോടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും വൈദ്യുതി വാങ്ങല്‍ ഇടപാടുകളും നിലച്ചു. കമ്മിഷന്റെ അനുമതിയില്ലാതെ പുറത്തുനിന്നും വൈദ്യുതി വാങ്ങൂന്ന കരാറില്‍ ഏര്‍പ്പെടാന്‍ ബോര്‍ഡിന് കഴിയില്ല. ഇതാണ് ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്.
Story Highlights: An extraordinary crisis in the Electricity Regulatory Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here