‘പുഴ മുതൽ പുഴ വരെ’; സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുന്നു എന്ന് രാമസിംഹൻ

തൻ്റെ ഏറ്റവും പുതിയ ചിത്രം ‘1921 പുഴ മുതൽ പുഴ വരെ’ സെൻസർഷിപ്പിൽ പ്രാദേശിക സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുന്നു എന്ന് സംവിധായകൻ രാമസിംഹൻ. കേന്ദ്ര സെൻസർ ബോർഡ് ചില ഷോട്ടുകൾ മാത്രം കട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സിനിമ പ്രാദേശിക സെൻസർ ബോർഡ് ഇടപെട്ട് വീണ്ടും തിരിച്ചയക്കുകയായിരുന്നു. ഇതിനു പിന്നിൽ പ്രാദേശിക സെൻസർ ബോർഡിൻ്റെ രാഷ്ട്രീയമാണെന്നും രാമസിംഹൻ 24നോട് പ്രതികരിച്ചു. [24 വെബ് എക്സ്ക്ലൂസിവ്] (ramasimhan movie censor board)
“കഴിഞ്ഞ അഞ്ചാം തിയതി ഇവിടെ സെൻസറിങ് കഴിഞ്ഞതാണ്. അത് അപ്രൂവൽ ചെയ്തു. ചില ഷോട്ടുകൾ മാത്രമേ സെൻസർ ബോർഡ് കട്ട് ചെയ്തുള്ളൂ. ചില വയലൻസ് സീനുകൾ ക്ലോസ് ഷോട്ടിൽ ആക്കരുതെന്ന് സാധാരണ ഏത് സിനിമയ്ക്കും നൽകുന്ന കട്ടുകൾ. ചരിത്രപരമായി സീനുകൾക്ക് ഒരു കട്ടും ഉണ്ടായിരുന്നില്ല. നാട്ടിൽ കഴിഞ്ഞ ദിവസം എത്തിയപ്പോൾ വീണ്ടും വിളിക്കുന്നു, ഒന്നുകൂടി സെൻസർ ചെയ്യണമെന്ന്. പ്രാദേശിക സെൻസർ ബോർഡ് ആവശ്യപ്പെട്ടു എന്നാണ് അറിഞ്ഞത്. കാര്യമെന്തെന്നറിയില്ല. ഇന്നാണ് ഫൈനൽ സെൻസറിങ്. വൈരാഗ്യം തീർക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ സെൻസർ ബോർഡ് ചെറിയ ഒരു കളി കളിച്ചതാണെന്ന് വെക്കാം.”- രാമസിംഹൻ 24നോട് പ്രതികരിച്ചു.
Read Also: 1921 പുഴ മുതൽ പുഴ വരെ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
“എല്ലാത്തിലും രാഷ്ട്രീയമാണല്ലോ. സെൻസർ ബോർഡിലെ മെമ്പർമാർക്കും രാഷ്ട്രീയമുണ്ടല്ലോ. കമ്മ്യൂണിസ്റ്റുകാർ കണ്ടാൽ പറയും, കാർഷിക വിപ്ലവമെന്ന്. കോൺഗ്രസുകാർ പറയും സ്വാതന്ത്ര്യസമരം ആയിരുന്നു എന്ന്. മുസ്ലിങ്ങൾ വേറൊന്ന് പറയും. സിനിമയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴുമുണ്ട്. ഇത് അത് തന്നെയാണ്. സിനിമക്കെതിരെ തന്നെയാണ് ഇത് വരുന്നത്. വ്യക്തിക്കെതിരെയല്ലല്ലോ. ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നു. സിനിമയെ സിനിമ ആയി കാണുന്നില്ല. ചുരുളിക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്കത്ര ആവിഷ്കാര സ്വാതന്ത്ര്യമില്ല.” രാമസിംഹൻ പറയുന്നു.
“ഇന്ന് ഫൈനൽ സ്ക്രീനിങാണ്. അത് കഴിഞ്ഞ് അവർ എന്തുചെയ്യുമെന്നറിയില്ല. കോടതിയിൽ പോകണമെങ്കിൽ പോകും. 3 മണിക്കൂർ 10 മിനിട്ടാണ് സിനിമയുടെ റൺ ടൈം. ഓണത്തിന് ഒരുപാട് സിനിമകളുണ്ട്. ഓണം കഴിഞ്ഞ് റിലീസ് ചെയ്യാമെന്നാണ് കരുതുന്നത്. എന്തായാലും തീയറ്ററിൽ തന്നെ റിലീസ് ചെയ്യും.”- രാമസിംഹൻ വിശദീകരിച്ചു.
Story Highlights: ramasimhan movie accuses censor board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here