പിതാവിൻ്റെ മരണം: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മകൻ, കർശന നടപടി എടുക്കുമെന്ന് മന്ത്രി

സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മകൻ. ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് നേരിട്ടത്. ഗുണ്ടയെ പോലെയാണ് ഡ്രൈവർ പെരുമാറിയതെന്നും, ബസിൽ നിന്നും ഇറങ്ങിയത് കത്തിയുമായാണെന്നും ഫർഹാൻ ട്വന്റിഫോറിനോട് പറഞ്ഞു.
കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു. പറവൂരിൽ എത്തിയതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ് ഹോൺ മുഴക്കി. അൽപ്പം കഴിഞ്ഞ് ബസ് കാറിനെ ഓവർ ടേക്ക് ചെയ്തു. യാത്രക്കാരെ കയറ്റാൻ നിർത്തിയ സമയം വാഹനം ബസിനെ കടന്ന് പോയിരുന്നു. പിന്നീട് അമിത വേഗത്തിൽ എത്തിയ ബസ് വീണ്ടും ഹോൺ മുഴക്കി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.
ഇതിനിടെ കാറിൻ്റെ സൈഡ് മിററിൽ ഇടിച്ചു. ഇത് ചോദിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ബസിൽ നിന്നും കാക്കി ധരിച്ച 4 പേർ ഇറങ്ങി വന്നു. ഒരാൾ കത്തിയുമായാണ് വന്നത്. ഗുണ്ടകളെ പോലെ പെരുമാറുകയും കുത്താൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം ചെറുക്കുന്നതിനിടെ കൈയ്യിൽ കുത്തേറ്റു. ഇത് കണ്ട് അച്ഛനും അമ്മയും കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ഛൻ മരിച്ചു എന്നും മകൻ 24 നോട് പറഞ്ഞു.
അതേസമയം ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ കർശന നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു 24 നോട് വ്യക്തമാക്കി. ബസ് വൈറ്റില ഹബിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറുടെ ലൈസൻസും ബസ് പെർമിറ്റും റദ്ദാക്കും. മത്സര ഓട്ടത്തിൻ്റെ ഭാഗമായ മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സരയോട്ടത്തിനെതിരെ സ്പെഷ്യൽ ഡ്രൈവ് നടത്തും. ട്രാൻസ്പോർട്ട് കമ്മീഷണറോട് കൊച്ചിയിലേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ ഉദ്യോഗസ്ഥ തല യോഗം വിളിക്കുമെന്നും, ഹൈക്കോടതി നിർദ്ദേശം കർശനമായി പാലിക്കുമെന്നും മന്ത്രി 24 നോട് വ്യക്തമാക്കി.
Story Highlights: private bus race; minister said that strict action will be taken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here