Advertisement

‘അവരെന്തിനാണ് വനത്തിനുള്ളില്‍ കയറിയത്? ആരാണ് അനുവാദം കൊടുത്തത്?; മധുവിന്റെ സഹോദരി ചോദിക്കുന്നു

August 20, 2022
2 minutes Read
attappadi madhu's sister sarasu about his death

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിടെ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം ഇന്നും നിയമപോരാട്ടം തുടരുകയാണ്. കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് കോടതി റദ്ദാക്കിയപ്പോള്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസുവും മാതാവും ഒരേ സ്വരത്തില്‍ പറയുന്നു.
മധുവിന്റെ ആള്‍ക്കൂട്ടം വിചാരണ ചെയ്തിട്ടും തല്ലിയിട്ടും ചിരിച്ചുകൊണ്ടാണ് മധു പൊലീസ് ജീപ്പില്‍ കയറിയതെന്നും പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ മധുവിന്റെ സഹോദരിക്ക് ചിലത് ചോദിക്കാനുണ്ട്.

ആരാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? പ്രതികള്‍ എന്തിന് വനത്തിലെത്തി? ആരാണ് അതിന് അനുവാദം നല്‍കിയത്? ഇങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്…..

‘എന്തിനാണ് ആ പ്രതികള്‍ വനത്തിനുള്ളില്‍ പ്രവേശിച്ചതെന്നും ആരാണ് അവര്‍ക്കതിന് അനുവാദം കൊടുത്തതെന്നും വ്യക്തമാക്കണം. വാരിയെല്ലുകള്‍ ഒടിഞ്ഞും ചുണ്ടില്‍ രക്തം വന്നും ദേഹത്താകെ മണ്ണ് പുരണ്ടുമാണ് മധു എത്തിയത്. കൈകള്‍ കെട്ടിയിട്ട് തല്ലിച്ചതയ്ക്കാന്‍ ആരാണ് അനുവാദം കൊടുത്തത്. മധുവിനെ പുറത്തെത്തിക്കണമെന്ന് എന്തായിരുന്നു അവര്‍ക്കിത്ര നിര്‍ബന്ധം.

അവര്‍ ചിരിക്കാന്‍ പറഞ്ഞ് നിര്‍ബന്ധിച്ചിട്ടാണ് മധുവിന്റെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോയെടുത്തത്. അല്ലായിരുന്നെങ്കില്‍ മധു ചിരിക്കുമായിരുന്നോ. എല്ലാം ഈ പ്രതികള്‍ ചെയ്ത് കാണിച്ചതല്ലേ. മധുവിനെ പിടിച്ചുകെട്ടി ആഘോഷിച്ച് കൊണ്ടുവന്നത് എന്തിനായിരുന്നു’. സരസു ചോദിക്കുന്നു. ട്വന്റിഫോര്‍ ന്യൂസ് ഈവനിങിലായിരുന്നു പ്രതികരണം.

മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയാണ് 12 പ്രതികളുടെ ജാമ്യം ഇന്ന് റദ്ദാക്കിയത്. പ്രോസിക്യൂഷന്റെ ഹര്‍ജിയിലാണ് കോടതി വിധി. പ്രതികള്‍ ഹൈക്കോടതി ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Read Also: മനുഷ്യത്വം മരിച്ച മനുഷ്യരും മൃ​ഗീയമായി കൊല്ലപ്പെട്ട മധുവും: ശിക്ഷ ഒട്ടും അകലെയല്ല…

കേസില്‍ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഇതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും രാജേഷ് ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. നിരന്തരമായ കൂറുമാറ്റം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയണെന്ന് കോടതിക്കും ബോധ്യപ്പെട്ടുവെന്നും കോടതിയില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയണമായിരുന്നു,അതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ ഹര്‍ജി നല്‍കിയതെന്നും എസ്പിപി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: attappadi madhu’s sister sarasu about his death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top