മനുഷ്യത്വം മരിച്ച മനുഷ്യരും മൃഗീയമായി കൊല്ലപ്പെട്ട മധുവും: ശിക്ഷ ഒട്ടും അകലെയല്ല…

വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ മനുഷ്യരൂപമാണ് മൃഗീയമായി കൊല്ലപ്പെട്ട മധു. അഴുക്ക് പുരണ്ട്, ബട്ടൻസുകളില്ലാത്ത കീറിയ ഷർട്ടുമായൊരു രൂപം. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ പരിഛേദമാണ് മധു. നിർവികാരമായ മുഖത്തോടെ നിന്ന മധുവിന്റെ കൈകൾ ഉടുമുണ്ട് കൊണ്ട് കെട്ടിയിരുന്നു. മനസാക്ഷിയെ അത്രമേൽ നൊമ്പരപ്പെടുത്തിയ കാഴ്ച്ചയായിരുന്നു അത്. ( SC ST Court cancels the bail of those who killed Madhu )
2018 ഫെബ്രുവരി 28നാണ് ഒരുകൂട്ടം മനുഷ്യത്വമില്ലാത്തവർ ചേർന്ന് മധുവിനെ കൊന്നത്. 16 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അതിന് സാക്ഷികളായി 122 പേരും. മരണത്തിലേക്ക് തള്ളിവിടാൻ വേണ്ടി മാത്രം എന്താണ് അവൻ ചെയ്ത തെറ്റ് ?. വിശപ്പ് സഹിക്കാനാകാതെ ജീവൻ പിടിച്ച് നിർത്താൻ ഭക്ഷണം മോഷ്ടിച്ചതോ?… അട്ടപ്പാടി മധു വധക്കേസിൽ എട്ട് പ്രതികളുടെ ജാമ്യമാണ് എസ്സി എസ്ടി കോടതി ഇന്ന് റദ്ദാക്കിയത്. പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികൾ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ വെളിപ്പെടുത്തുന്നു.
Read Also: ‘അന്നൊക്കെ നെഞ്ചില് തീയായിരുന്നു; സഹായിച്ച എല്ലാവരോടും നന്ദി’; മധുവിന്റെ അമ്മ
സാമൂഹിക മാധ്യമങ്ങളിൽ മധുവിനെ കൊടും കുറ്റവാളിയെപ്പോലെ ചിത്രീകരിച്ചവർക്ക് മനുഷ്യത്വം എന്ന വാക്ക് തീരെ വശമില്ലാതിരുന്നു. മധു കാട് വീടാക്കിയവനായിരുന്നു, കാട്ടിലും മേട്ടിലും അലഞ്ഞ് നടന്നവൻ. ആദിവാസിയാണ് എന്ന ഒറ്റക്കാരണത്താലാണ് മധുവിന് ക്രൂരമർദനമേറ്റത്. മധുവിനെ തല്ലിച്ചതച്ച ശേഷം അരിയും മുളക് പൊടിയും ചായപ്പൊടിയും പിടിപ്പിച്ച് ടൗൺ വരെ നടത്തിച്ച ക്രൂരത ആർക്കും മറക്കാനാവുന്നതല്ല.
അവർ കൊടുംകുറ്റവാളിയെ പികൂടിയതിന് സമാനമായി സെൽഫികളെടുത്ത് ആഘോഷിച്ചു, നിസഹായനായി ഒന്നും മിണ്ടാനാകാതെ നിന്ന മധുവിന്റെ വേദനയെ അവർ ആഘോഷമാക്കി മാറ്റി. ആശുപത്രിയിലെത്തും മുൻപേ അവൻ മരിച്ചിരുന്നു. ക്രൂര മർദനത്തിൽ വാരിയെല്ല് തകർന്നും തലയ്ക്ക് അടിയേറ്റുമാണ് അവൻ മരണത്തിന് കീഴടങ്ങിയത്. കേരളമനസാക്ഷിക്ക് കേട്ട് കേൾവിയില്ലാത്ത വിധം, വിശ്വസിക്കാനാകാത്ത തരത്തിൽ ആൾക്കൂട്ട കൊലപാതകത്തിന്റെ ഏറ്റവും ഭീകരമായ കാഴ്ച.
അട്ടിമറികളുടെ നാളുകൾ തുടക്കം മുതലേ വ്യക്തമായി തെളിഞ്ഞ് നിന്ന കേസായിരുന്നു മധുവിന്റേത്. സ്പെഷ്യൽ പ്രോസിക്യൂട്ടരുടെ സേവനം ലഭ്യമാകാൻ ഏതാണ്ട് ഒന്നര വർഷമാണ് മധുവിന്റെ കുടുംബത്തിന് കാത്തിരിക്കേണ്ടി വന്നത്. തെരുവിൽ തൊണ്ട പൊട്ടുന്ന തരത്തിൽ ഉറക്കെ മുദ്രാവാക്യം വിളിച്ച് നേടിയെടുത്തതാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ സേവനം. പക്ഷെ മണ്ണാർക്കാട് ഓഫീസ് വേണമെന്ന ആവശ്യത്തെച്ചൊല്ലി നടന്ന പ്രശ്നത്തെ തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഗോപിനാഥിനെ മാറ്റുകയായിരുന്നു. പിന്നീടും നിലയ്ക്കാതെ തുടർന്ന പ്രതിഷേധങ്ങളുടെ ഫലമായി മറ്റൊരു പ്രോസിക്യൂട്ടർ വന്നു. വി.ടി രഘുനാഥ്. പിന്നെയും രണ്ട് പ്രോസിക്യൂട്ടർമാർ കൂടിയെത്തി.
Read Also: അട്ടപ്പാടി മധു വധക്കേസ്; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി
കേസിന്റെ സാക്ഷിവിസ്താരമാരംഭിച്ചതോടെ കൂറ് മാറ്റത്തിന്റെ വാർത്തകൾ തുടർച്ചയായി നമ്മളെ തേടിയെത്തി. ഒരമ്മയുണ്ട്, അങ്ങ് അട്ടപ്പാടിയിൽ. മകനെ കൊന്നവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ചിന്ത മനസിലുറപ്പിച്ച് ആ അമ്മ ഇന്നും മധുവിന് വേണ്ടി കോടതി കയറിയിറങ്ങുകയാണ്. പ്രോസിക്യൂട്ടറെ മാറ്റണമെന്നും, മകന് നീതി ലഭിക്കില്ലെന്നും, കേസ് തോൽക്കുമെന്നും കരഞ്ഞ് പറയുന്ന മധുവിന്റെ അമ്മയുടെ മുഖം മലയാളികൾക്കിന്ന് പരിചിതമാണ്.
122 സാക്ഷികളിൽ 11 പേർ ഇതിനോടകം കുറുമാറിക്കഴിഞ്ഞു. രഹസ്യമൊഴി നൽകിയവരിൽ ഒരാൾ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. മധുവിനെ മർദ്ദിച്ചത് കണ്ടുവെന്ന് പറഞ്ഞ കാക്കി മൂപ്പനും ഒടുവിൽ മൊഴിമാറ്റി. കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്ന് മധുവിന്റെ സഹോദരി കരഞ്ഞ് പറഞ്ഞത് ഈ അടുത്താണ്. സാക്ഷികളെ സ്വാധീനിക്കാനായി പ്രതികളുടെ അടുപ്പക്കാർ ഇനിയുമെത്തും. പക്ഷേ മധൂ… നീ മരിച്ചിട്ടില്ല. കേരള ജനതയുടെ മനസിൽ ഇപ്പോഴും ഒരു വിങ്ങലായി നീ ജീവിക്കുന്നുണ്ട്. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുന്ന ആ ദിവസനത്തിനായി മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യർ കാത്തിരിക്കുന്നു.
Story Highlights: SC ST Court cancels the bail of those who killed Madhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here