‘കുഞ്ഞാലികുട്ടിക്കും മുനീറിനും മുമ്പൊരു കേരളം ഉണ്ടായിരുന്നു’; ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരേയൊരു വനിതാ സര്‍ജന്‍ ജനറലായിരുന്ന മലയാളിയുടെ കഥ ഓര്‍മ്മിപ്പിച്ച് ബിആര്‍പി ഭാസ്‌കര്‍

ലിംഗസമത്വവുമായി ബന്ധപ്പെട്ട എംകെ മുനീറിന്റെ പ്രസ്താവനയും ഇതിനോടുള്ള മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണവും വിവാദമാകുന്ന പശ്ചാത്തലത്തില്‍ മുനീറിനേയും കുഞ്ഞാലിക്കുട്ടിയേയും ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരേയൊരു വനിതാ സര്‍ജന്‍ ജനറലായിരുന്ന മലയാളിയുടെ കഥ ഓര്‍മ്മിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് മുന്‍പ് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏക വനിതാ സര്‍ജന്‍ ജനറല്‍ മലയാളിയായ മേരി പൂനെന്‍ ആയിരുന്നെന്ന് ബിആര്‍പി ഭാസ്‌കര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിച്ചു. 1905-ല്‍ ഒരു മലയാളി സ്ത്രീയ്ക്ക് ഇത് സാധിച്ചുവെങ്കില്‍ ലിംഗസമത്വവുമായി ബന്ധപ്പെട്ട് മുനീറിനും കുഞ്ഞാലിക്കുട്ടിയ്ക്കുമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം അവരുടെ ഉള്ളിലോ അവരുടെ ചുറ്റുപാടുകളിലോ ആണ് തിരയേണ്ടതെന്ന് ബിആര്‍പി ഭാസ്‌കര്‍ വിമര്‍ശിച്ചു. ( brp bhaskar criticizes muneer and kunhalikkutty over comments on gender parity )
മേരി പൂനെന്റെ കഥ ബിആര്‍പി ഭാസ്‌കര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മുന്‍പ് ഒരു കേരളമുണ്ടായിരുന്നു. പണ്ട്, വളരെ പണ്ട് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയ്ക്കും , കേരള സംസ്ഥാന രൂപീകരണത്തിനും കുഞ്ഞാലിക്കുട്ടിയുടേയും മുനീറിന്റേയും ജനനത്തിനും മുന്‍പ് 1905-ലാണ് മേരി പൂനെന്‍ തിരുവിതാംകൂറിലെ മഹാരാജാസ് കോളജില്‍ സയന്‍സ് കോഴ്‌സിലേക്ക് പ്രവേശനം തേടിയെത്തുന്നത്. മേരിയുടെ പിതാവ് ഡോ ടി ഇ പൂനെന്‍ സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ ബിരുദധാരിയായിരുന്നു. അച്ഛന്റെ പാത പിന്തുടരാനായിരുന്നു മേരിയുടേയും തീരുമാനം.
മഹാരാജാസ് കോളജില്‍(ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) മേരിക്ക് പ്രവേശനം നല്‍കുന്നതിനോട് തിരുവിതാംകൂറിലെ ഭരണസംവിധാനത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ സയന്‍സ് വേണ്ട ചരിത്രം പഠിച്ചോളൂ എന്നാണ് ഭരണകൂടം നിഷ്‌കര്‍ഷിച്ചത്. ഹിസ്റ്ററി കോഴ്‌സില്‍ പ്രവേശനം നേടിയ മേരിയായിരുന്നു കോളജിലെ ഏക പെണ്‍കുട്ടി. യാഥാസ്ഥിതികനായ കുഞ്ഞാലിക്കുട്ടിയുടേയും പുരോഗമനവാദിയായ മുനീറിന്റേയും ലിംഗസമത്വത്തിന്റെ അപകടത്തെ സംബന്ധിച്ച സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന ഒന്നും തന്നെ ആ സമയത്ത് സംഭവിച്ചില്ല.
മഹാരാജാസ് കോളജിലേയും അത് അഫിലിയേറ്റ് ചെയ്തിരുന്ന മദ്രാസ് യൂണിവേഴ്‌സിറ്റിയിലേയും ആദ്യ വനിതാ ബിരുദധാരിയായി മേരി മാറി. എങ്കിലും ഡോക്ടറാകാനുള്ള മോഹം ഉപേക്ഷിക്കാന്‍ മേരി തയാറായിരുന്നില്ല. ഇംഗ്ലണ്ടില്‍ പോയി അവള്‍ പഠിച്ചു. ഡോക്ടറായി അവിടെത്തന്നെ ജോലി ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മേരി തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വീസില്‍ കയറുകയും സര്‍ജന്‍ ജനറലായി മാറുകയും ചെയ്തു. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ മറ്റൊരിടത്തും വകുപ്പ് മേധാവിയായി ഒരു വനിതയുണ്ടായിരുന്നില്ല. ലിംഗസമത്വത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രശ്‌നങ്ങളുടെ കാരണം മുനീറും കുഞ്ഞാലിക്കുട്ടിയും തിരയേണ്ടത് അവരുടെ തന്നെ ഉള്ളിലോ അവരുടെ ജീവിത പരിസരങ്ങളിലോ ആണ്.
Story Highlights: brp bhaskar criticizes muneer and kunhalikkutty over comments on gender parity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here