‘ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ് തകർന്നുകൊണ്ടിരിക്കുന്നത്’; 300 ലേറെ കുടുംബങ്ങൾക്ക് ഭീഷണിയായി മലപ്പുറത്തെ കരിങ്കൽ ക്വാറി

മുന്നൂറിലേറെ കുടുംബങ്ങൾക്ക് ഭീഷണിയായി കരിങ്കൽക്വാറിയുടെ പ്രവർത്തനം. മലപ്പുറം ചേപ്പൂരിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ താഴ്ഭാഗത്ത് ഉള്ളവരാണ് ആശങ്കയിൽ കഴിയുന്നത്. വ്യാജ രേഖകൾ ചമച്ചാണ് ക്വാറിയുടെ പ്രവർത്തനമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്. ( malappuram quarry pose threat to 300 families )
2018ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പത്തോളം കരിങ്കൽ ലോഡുകൾ ഒരു ദിനം ഖനനം നടത്തിയിരുന്ന ക്വാറിയിൽ, ഇപ്പോഴത് നൂറിലധികം ലോഡുകളായി വർധിച്ചു. ക്വാറിയുടെ അൻപത് മീറ്റർ ചുറ്റളവിൽ തന്നെ വീടുകളാണ്. ഖനനം മൂലം പുതിയ വീടുകൾക്ക് പോലും വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു.
‘എന്റെ വീടിന്റെ അഞ്ച് സ്ഥലത്ത് വിള്ളൽ വന്നിട്ടുണ്ട്. ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ് തകർന്നുകൊണ്ടിരിക്കുന്നത്’- ഖദീജ പറയുന്നു.
എല്ലാ അനുമതികളോടും കൂടിയാണ് ക്വാറി പ്രവർത്തിക്കുന്നത് എന്നാണ് ഉടമയുടെ വാദം. എന്നാൽ, ‘പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ അവർ ചിറ്റത്തുപാറ എന്ന പ്രദേശമാണ് കാണിച്ചത്. എന്നാൽ ഇത് ചേപ്പൂരാണ്. വാർഡ് എന്ന സ്ഥലത്ത് അവർ ഒന്നും എഴുതാതെ, പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്’- സമരസമിതി അംഗം മുഹമ്മദ് ഷാഫി പി കെ പറഞ്ഞു.
പരാതി കൊടുക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. തീർത്തും സാധാരണക്കാരായ പ്രദേശവാസികൾ ഇനിനോടകം നിരവധി തവണ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിൽ കോടതി ഇടപെടലിൽ ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി തടഞ്ഞു. ക്വാറി എന്നെന്നേക്കുമായി അടക്കണമെന്നും,
തങ്ങളുടെ ജീവനിലുള്ള ആശങ്കയെങ്കിലും അധികൃതർ പരിഗണിക്കണമെന്നും മാത്രമാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്.
മുപ്പത് വർഷം കൊണ്ട് പൂർത്തിയാക്കേണ്ടി വന്ന ഖനനം, കേവലം മൂന്ന് വർഷം പിന്നിടുമ്പോൾ തന്നെയുണ്ടാക്കിയ ആഘാതം വളരെ വലുതാണ്.
Story Highlights: malappuram quarry pose threat to 300 families
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here