എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ; റെക്കോർഡിട്ട് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’

ഇതിഹാസ പരമ്പര ‘ഗെയിം ഓഫ് ത്രോൺസി’നെക്കാൾ മികച്ച വെബ് സീരീസെന്ന വിശേഷണവുമായാണ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ സ്ട്രീമിങ് തുടരുന്നത്. ഗെയിം ഓഫ് ത്രോൺസിൻ്റെ സ്പിൻ ഓഫായി എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിൻ്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്. ഈ എപ്പിസോഡ് എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡും സ്ഥാപിച്ചു. 10 മില്ല്യൺ ആളുകളാണ് അമേരിക്കയിൽ ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോൺസിൻ്റെ ആദ്യ എപ്പിസോഡ് കണ്ടത് 2.22 മില്ല്യൺ ആളുകളാണ്. ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ ഒരുക്കുന്നത്.
അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ഡേവിഡ് ബെനിയോഫ്, ഡിബി വെയ്‌സ് എന്നിവർ ചേർന്നാണ് പരമ്പരക്ക് രൂപം നൽകിയത്. 2011 ഏപ്രിൽ 17 ന് പ്രദർശനമാരംഭിച്ച ഗെയിം ഓഫ് ത്രോൺസ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അതേ സമയം, നഗ്‌നതയുടെയും ലൈംഗികതയുടെയും അക്രമത്തിന്റെയും അതിപ്രസരം ചെറുതല്ലാത്ത വിമർശനങ്ങളും വിളിച്ചു വരുത്തിയിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയ ടെലിവിഷൻ സീരീസ് കൂടിയാണ് ജിഓടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ്. ഏഴ് സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്. ഏതാണ്ട് 1000 കോടിയിൽ ഏറെയാണ് ഇതിൻ്റെ ഇതുവരെയുള്ള നിർമ്മാണ ചിലവ് എന്നാണ് എകദേശ കണക്ക്.
Story Highlights: House of the Dragon HBO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here