കൊല്ലത്ത് മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെഎസ്‌യു നേതാവില്‍ നിന്ന് പണം തട്ടിയെന്ന് പരാതി

മാന്ത്രികമോതിരം വാഗ്ദാനം ചെയ്ത് കെഎസ്‌യു നേതാവിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അരലക്ഷം രൂപ തട്ടിയെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെയാണ് കെഎസ്‌യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.ഗോകുല്‍ കൃഷ്ണ കൊല്ലം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനുമുള്ള മോതിരം നല്‍കാമെന്ന് പറഞ്ഞാണ് വിഷ്ണു സുനില്‍ പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
നാലുമാസം മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഗോകുലിന് അപസ്മാരം ഉണ്ടായി. അന്നാണ് തന്റെ കൈവശം രോഗശാന്തിക്കുള്ള മോതിരമുണ്ടെന്ന് വിഷ്ണു സുനില്‍ പറയുന്നത്. എല്ലാ ഐശ്വര്യവും ഫലസിദ്ധിയും ഉണ്ടാക്കുന്നതെന്ന് പറഞ്ഞ് വിഷ്ണു ധരിച്ചിരുന്ന നവരത്‌ന മോതിരം തെളിവായി കാണിച്ചു.
തുടര്‍ന്നാണ് വിഷുദിനത്തില്‍ തിരുമുല്ലവാരത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി ഗോകുല്‍ 25,000 രൂപ കൈമാറിയത്. ഒരാഴ്ചയ്ക്കുശേഷം 25,000 രൂപകൂടി നല്‍കി. വിഷ്ണുസ്ഥലത്തില്ലാത്തതിനാല്‍ അമ്മയാണ് പണം വാങ്ങിയത്. കുറച്ചുദിവസം കഴിഞ്ഞിട്ടും മോതിരം ലഭിക്കാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അരലക്ഷം കൂടി നല്‍കണമെന്നാവശ്യപ്പെട്ടു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും ഗോകുല്‍ മൊഴി നല്‍കി. വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക് പറഞ്ഞു.
Story Highlights: Youth Congress state leader extorted money from KSU leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here