വായിൽ തുണി തിരുകിയത് നിലവിളിക്കാതിരിക്കാൻ, കൈകൾ കെട്ടിയത് രക്ഷപ്പെടാതിരിക്കാൻ; വയോധികയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം

തൃശൂർ ആമ്പല്ലൂരിൽ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. കിണറ്റിൽ വീണാൽ രക്ഷപ്പെടാതിരിക്കാൻ തോർത്ത് മുണ്ട് കൊണ്ട് മുന്നിൽ കൈ കെട്ടിയതാകാമെന്നാണ് വിലയിരുത്തൽ. നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയതാകാമെന്നുമാണ് ഫൊറൻസിക് സർജൻ്റെ നിഗമനം.
തൃശൂർ ആമ്പല്ലൂരിലാണ് വയോധിക കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകിയ നിലയിലും കൈകൾ തോർത്ത് ഉപയോഗിച്ച് മുൻവശത്ത് കെട്ടിയ നിലയിലുമായിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നിരുന്നു.
അറുപത്തിയൊൻപതുകാരിയായ രാധയാണ് മരിച്ചത്. വീട്ടുകിണറ്റിലായിരുന്നു മൃതദേഹം. കുടുംബാംഗങ്ങൾ രാവിലെ എണീറ്റപ്പോൾ രാധയെ കണ്ടില്ല. തിരച്ചിലിനൊടുവിൽ കണ്ടെത്തിയതാകട്ടെ വീട്ടുകിണറ്റിലും. കുടുംബസമേതം ഈ വീട്ടിൽതന്നെയാണ് താമസം. അർധരാത്രിയോടെ വീട്ടിൽ എത്തിയ മകന് വാതിൽ തുറന്ന് കൊടുത്തത് രാധയാണെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. പുലർച്ചെ സമയത്താകണം മരണമെന്ന് സംശയിക്കുന്നു. കൈകൾ സ്വയം ബന്ധിച്ചതാണോ ആരെങ്കിലും ബന്ധിച്ചതാണോയെന്നും ഇനിയും വ്യക്മതമല്ല. ദേഹത്തുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
രണ്ടു കിടപ്പുമുറികളോട് കൂടിയാണ് വീട്. രാത്രിയിൽ അസ്വാഭാവികമായതൊന്നും കുടുംബാംഗങ്ങൾ കേട്ടിട്ടില്ല. മഴയുണ്ടായിരുന്നതിനാൽ കിണറ്റിൽ വീഴുന്ന ശബ്ദം ആരും കേട്ടില്ല. സമഗ്രമായ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Story Highlights: post-mortem preliminary concluded that the elderly woman committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here