Advertisement

നാടാഗ്രഹിച്ച ചികിത്സാ സംവിധാനത്തിന് സാക്ഷാത്ക്കാരം: മന്ത്രി വീണാ ജോര്‍ജ്

August 25, 2022
1 minute Read

മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ നാട് ആഗ്രഹിച്ച ചികിത്സാ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് പുതിയ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എസ്.എ.ടി. ആശുപത്രി നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുട്ടികള്‍ക്ക് തീവ്ര പരിചരണത്തിന് കിടക്ക മതിയാകാതെ വരുന്നത്. മാതാപിതാക്കളുടെ പ്രയാസവും സ്വകാര്യ ആശുപത്രികളില്‍ പോകുമ്പോഴുള്ള സാമ്പത്തിക ബാധ്യതയും മനസിലാക്കിയാണ് 32 ഐസിയു കിടക്കകള്‍ സജ്ജമാക്കിയത്. മുമ്പ് പീഡിയാട്രിക് ഐസിയുവില്‍ 18 കിടക്കകളായിരുന്നു ഉണ്ടായത്. അതാണ് 50 ആക്കിയത്. ഇത് എസ്എടിയുടെ ചികിത്സാ സേവനത്തില്‍ കരുത്താകുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്എടിയില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, മെഡിക്കല്‍ കോളജില്‍ ഇ ഹെല്‍ത്ത് ഓണ്‍ലൈന്‍ ലാബ് റിപ്പോര്‍ട്ടിംഗ്, നവീകരിച്ച പ്രവേശന കവാടം, എമര്‍ജന്‍സി വിഭാഗത്തിലെ നിരീക്ഷണ ക്യാമറ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് വെല്ലുവിളി മാറിയെങ്കിലും ഇപ്പോഴും പകര്‍ച്ച വ്യാധികള്‍ നിലനില്‍ക്കുകയാണ്. ചുമയോടു കൂടിയ വൈറല്‍ ഇന്‍ഫെക്ഷന്‍ കാണുന്നുണ്ട്. ഇത്തരം വായുവില്‍ കൂടി പകരുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാന്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനം തീവ്രപരിചരണ വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

എസ്എടി ആശുപത്രിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 12 കിടക്കകളുള്ള ഡയാലിസിസ് യണിറ്റ് സജ്ജമാക്കി. എസ്എംഎ ക്ലിനിക് ആരംഭിച്ചു. എസ്എംഎ ബാധിച്ച 21 കുഞ്ഞുങ്ങള്‍ക്കുള്ള മരുന്ന് നല്‍കാന്‍ തീരുമാനിച്ചു. പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തില്‍ ഇജിജി ലാബ് സജ്ജമാക്കിവരുന്നു. സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷേറ്റീവ് അംഗീകാരം ഉയര്‍ന്ന സ്‌കോറോടെ എസ്എടി ആശുപത്രി കരസ്ഥമാക്കി. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എസ്എടിയില്‍ പുതിയ ബ്ലോക്കും കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാക്കും. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോട് കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ഒരു വര്‍ഷം കൊണ്ട് അമ്പതിലധികം ശസ്ത്രക്രിയകള്‍ നടത്തി. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. സമര്‍പ്പിത പീഡിയാട്രിക് കാത്ത് ലാബ് സജ്ജമാക്കി വരുന്നു.

മെഡിക്കല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സാക്ഷാത്ക്കരിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മികച്ച റിസപ്ഷന്‍ ഏരിയയാണ് ഐപി ബ്ലോക്കില്‍ സജ്ജമാക്കിയത്. പലപ്പോഴും ലാബ് ഫലങ്ങള്‍ വാങ്ങാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഫോണില്‍ ലാബ് പരിശോധനാ ഫലം ലഭിക്കുന്ന ഇ ഹെല്‍ത്ത് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനം സജ്ജമാക്കിയത്. ഇ ഹെല്‍ത്തിലൂടെ ഓണ്‍ ലൈന്‍ വഴി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Achieving the desired treatment system: Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top