നെറ്റ്സിൽ ബൗളർമാരെ അടിച്ചുപറത്തി; ഫോമിലേക്ക് തിരികെയെത്തുന്നു എന്ന സൂചനയുമായി കോലി

ഫോമിലേക്ക് തിരികെയെത്തുന്നു എന്ന സൂചനയുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലി. ഏഷ്യാ കപ്പിനായുള്ള പരിശീലന സെഷനിൽ കോലി ബൗളർമാരെ ഗ്രൗണ്ടിൻ്റെ നാലുഭാഗത്തേക്കും അടിച്ചുപറത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ പ്രതീക്ഷ വെക്കുന്നത്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ മാധ്യമപ്രവർത്തകൻ ശശാങ്ക് കിഷോർ അടക്കമുള്ളവർ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
സ്പിന്നർമാർക്കെതിരാണ് കോലി കൂടുതൽ ആക്രമകാരിയാവുന്നത്. ആർ അശ്വിൻ, യുസ്വേന്ദ്ര ചഹാൽ, രവീന്ദ്ര ജഡേജ തുടങ്ങി ഇന്ത്യയുടെ പ്രധാന സ്പിന്നർമാരെയെല്ലാം കോലി പ്രഹരിക്കുന്നുണ്ട്.
ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.
ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.
Story Highlights: virat kohli training video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here