മറ്റാരെക്കാളും നന്നായി ഇർഫാൻ ഹബീബിനെ ഗവർണർ അറിയണം; സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ

ഇർഫാൻ ഹബീബിനെതിരായ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം ഗവർണർ പദവിയിലിരുന്ന് പറയാൻ പാടില്ലാത്തതാണെന്ന് ഡി രാജ ട്വന്റി ഫോറിനോട് പ്രതികരിച്ചു. മറ്റാരെക്കാളും നന്നായി ഇർഫാൻ ഹബീബിനെ ഗവർണർ അറിയണം. ഗവർണറുടെ പദപ്രയോഗത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല. ( D. Raja Criticizing Arif Mohammad Khan ).
ലോകം ബഹുമാനിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. ആവശ്യമെങ്കിൽ ഗവർണർ പരാതി നൽകുകയാണ് വേണ്ടത്. ഗവർണറുടെ പ്രയോഗത്തെ ശക്തമായി അപലപിക്കുന്നു. മറ്റ് പദവികൾ നോക്കുന്നുണ്ടോ എന്നത് ഗവർണർ വ്യക്തമാക്കണമെന്നും ഡി രാജ പറഞ്ഞു.
ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിന് നീതികരണം ചമയ്ക്കാനുള്ള ഒരു മുസ്ലിം മുഖമാണ് ഗവർണർക്കെന്ന് എംഎ ബേബി ആഞ്ഞടിച്ചു.
മുൻപ് മുസ്ലിം സമുദായത്തിനുള്ളിലെ പരിഷ്കർത്താവ് എന്ന ഒരു ചിത്രം അദ്ദേഹത്തിനുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തെ കേരളത്തിലെ ഗവർണറാക്കി നിയമിച്ച് ഇവിടെ നിറുത്തി കങ്കാണിപ്പണി ചെയ്യിക്കുകയാണ് കേന്ദ്ര – സംസ്ഥാന ബിജെപി നേതൃത്വങ്ങൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എംഎ ബേബി ആരിഫ് മുഹമ്മദ് ഖാനെതിരെ രംഗത്തുവന്നത്.
Story Highlights: D. Raja Criticizing Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here