‘രാഹുൽ ഗാന്ധി ബിജെപിക്ക് ഒരു അനുഗ്രഹമാണ്’; ആസാദിന്റെ രാജിയെക്കുറിച്ച് ബിജെപി നേതാവ്

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി അസം മുഖ്യമന്ത്രി. രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്നും, സോണിയ ഗാന്ധി പാർട്ടിയെ ശ്രദ്ധിക്കുന്നില്ലെന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.
ഗുലാം നബി ആസാദിന്റെ രാജിക്കത്തും 2015 ൽ താനെഴുതിയ കത്തും വായിച്ചാൽ സമാനതകൾ കണ്ടെത്താനാകും. രാഹുൽ ഗാന്ധി പക്വതയില്ലാത്തവനും വിചിത്രനും പ്രവചനാതീതനുമാണെന്ന് കോൺഗ്രസിലെ എല്ലാവർക്കും അറിയാം. സോണിയ പാർട്ടിയെ ശ്രദ്ധിക്കുന്നില്ല. മകനെ പ്രോത്സാഹിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. പക്ഷേ അതൊരു വൃഥാശ്രമമാണ് എന്നും ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.
ഇതിൻ്റെ ഫലമാണ് പാർട്ടിയോട് കൂറുള്ളവർ കോൺഗ്രസ് വിട്ടുപോകുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കോൺഗ്രസിൽ ഗാന്ധിമാർ മാത്രമുള്ള ഒരു കാലം വരുമെന്ന് താൻ പ്രവചിച്ചിരുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധി ബിജെപിക്ക് അനുഗ്രഹമാണെന്നും ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
2015 ൽ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിൽ ചേർന്നത്. അടുത്ത കാലത്തായി ശക്തരായ കോൺഗ്രസ് നേതാക്കൾ പാർട്ടിയോട് വിട പറഞ്ഞിരുന്നു. കപിൽ സിബൽ, സുനിൽ ജാഖർ, ജയ്വീർ ഷെർഗിൽ, ഹാർദിക് പട്ടേൽ തുടങ്ങിയ നേതാക്കളുടെ പേരുകൾ ഇതിൽ ഉൾപ്പെടുന്നു.
Story Highlights: Soon Only Gandhis Will Remain In Congress Says BJP’s Himanta Sarma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here