Advertisement

മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണം: കെ.സുധാകരന്‍

August 27, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തില്‍ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രിയ അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ വര്‍ഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാര്‍ നേതാക്കള്‍ക്ക് സിപിഎം കേരളഘടകം നല്‍കുന്ന അമിത പ്രാധാന്യം പോളിറ്റ് ബ്യൂറോയുടെ ആശിര്‍വാദത്തോടെയാണോയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടും തുടര്‍ച്ചയായി 30 തവണ മാറ്റിവെച്ചതിന്റെയും സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഗതിമാറിയതിന്റെയും പൊരുള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്ത് അമിത്ഷായ്ക്കയച്ച ക്ഷണക്കത്തിന്റെ ഉള്ളടക്കത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യമായി.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ അയച്ച മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം സംഘപരിവാര്‍ പ്രീണന നിലപാട് ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ടീസ്ത സെറ്റല്‍വാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കണ്ണീരൊഴുക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ ബിജെപി മന്ത്രിമാരെ ക്ഷണിക്കാന്‍ കുമ്പിട്ട് മുട്ടിലിഴയുകയാണ്.മതേതരത്വത്തെ കുറിച്ച് അധരവ്യായാമം നടത്തുന്ന മുഖ്യമന്ത്രിയുടെ ഇരട്ടമുഖം വീണ്ടും പുറത്തായി. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊന്നുതള്ളിയ സിപിഎം രക്തസാക്ഷികളുടെ ആത്മാവും അവരുടെ കുടുംബങ്ങളും മുഖ്യമന്ത്രിയോട് ക്ഷമിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: K Sudhakaran about Nehru trophy boat race, Pinarayai Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement