പാകിസ്താനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 148 റൺസ്

ഏഷ്യാ കപ്പിലെ ഗ്രൂപ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 148 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 19.5 ഓവറിൽ 147 റൺസ് നേടുന്നതിനിടെ ഓൾഔട്ടായി. 43 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും ഹാർദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. (india runs asia cup)
ടോസ് ആനുകൂല്യം ലഭിച്ച ഇന്ത്യ അത് മുതലാക്കുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. ഡോട്ട് ബോളുകൾ കൊണ്ട് പാകിസ്താനെ വരിഞ്ഞുമുറുക്കിയ ഇന്ത്യ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. പാക് നായകൻ ബാബർ അസമാണ് ആദ്യം പുറത്തായത്. മൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു വിക്കറ്റ്. 9 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത ബാബറിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
മൂന്നാം നമ്പറിലെത്തിയ ഫഖർ സമാൻ പിന്നീട് പുറത്തായി. 6 പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കം 10 റൺസെടുത്ത സമാനെ ആവേശ് ഖാൻ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്യുന്നതിനു മുൻപ് തന്നെ സമാൻ പവലിയനിലേക്ക് നടക്കുകയായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്.
Read Also: ഏഷ്യാ കപ്പ്: ഹാർദ്ദിക്കിന്റെ ഗോൾഡൻ ആം; റിസ്‌വാനും ഖുഷ്ദിലും പുറത്ത്, ഇന്ത്യ പിടിമുറുക്കുന്നു
വലംകയ്യൻ ബാറ്റർ ഇഫ്തിക്കാർ അഹ്മദാണ് മൂന്നാം വിക്കറ്റായി പുറത്തായത്. മുഹമ്മദ് റിസ്‌വാനൊപ്പം 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി അപകടകാരിയായി മാറിക്കൊണ്ടിരുന്ന ഇഫ്തിക്കാറിനെ ഹാർദ്ദിക് പാണ്ഡ്യ മടക്കിഅയക്കുകയായിരുന്നു. 13ആം ഓവറിലെ ആദ്യ പന്തിലാണ് ഇഫ്തിക്കാർ മടങ്ങിയത്.
15ആം ഓവറിൽ രണ്ട് വിക്കറ്റ് വീണു. ഹാർദ്ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് റിസ്‌വാൻ പുറത്തായി. ആവേശ് ഖാൻ പിടികൂടിയാണ് റിസ്‌വാൻ മടങ്ങിയത്. മൂന്നാം പന്തിൽ ഖുഷ്ദിൽ ഷായും ഷോർട്ട് ബോളിൽ വീണു. പന്ത് പോയിൻ്റിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ച താരത്തെ ജഡേജ കൈപ്പിടിയിലൊതുക്കി. 2 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 43 റൺസെടുത്ത് റിസ്‌വാൻ മടങ്ങിയപ്പോൾ 7 പന്തുകൾ നേരിട്ട ഖുഷ്ദിൽ വെറും രണ്ട് റൺസാണ് നേടിയത്.
രണ്ടാം സ്പെല്ലിനെത്തിയ ഭുവനേശ്വർ 17ആം ഓവറിലെ മൂന്നാം പന്തിൽ അപകടകാരിയായ ആസിഫ് അലിയെയും പവലിയനിലെത്തിച്ചു. 7 പന്തുകളിൽ 9 റൺസെടുത്ത ആസിഫ് കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ സൂര്യകുമാർ യാദവിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 18ആം ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് നവാസും (1) പുറത്ത്. അർഷ്ദീപ് സിംഗിൻ്റെ പന്തിൽ ദിനേഷ് കാർത്തിക് പിടിച്ചാണ് താരം മടങ്ങിയത്. 19ആം ഓവറിലെ മൂന്നാം പന്തിൽ ഷദബ് ഖാനെ (10) വിക്കറ്റിനു മുന്നിൽ കുരുക്കിയ ഭുവി പാകിസ്താനെ ഓൾഔട്ട് ഭീഷണിയിലേക്ക് തള്ളിവിട്ടു. തൊട്ടടുത്ത പന്തിൽ കന്നി ടി-20ക്കിറങ്ങിയ നസീം ഷായും (0) വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഇതോടെ മത്സരത്തിൽ ഭുവനേശ്വർ കുമാർ 4 വിക്കറ്റ് നേടി. അവസാന ഓവറുകളിൽ ഷാനവാസ് ദഹാനിയും ഹാരിസ് റൗഫും നേടിയ കൂറ്റൻ ഷോട്ടുകളാണ് പാകിസ്താനെ മാന്യമായ സ്കോറിലെത്തിച്ചത്. ഓവറിലെ അഞ്ചാം പന്തിൽ ദഹാനി ക്ലീൻ ബൗൾഡായി. 6 പന്തുകളിൽ 2 സിക്സർ അടക്കം 16 റൺസ് നേടിയാണ് താരം മടങ്ങിയത്. 7 പന്തുകളിൽ 13 റൺസെടുത്ത ഹാരിസ് റൗഫ് പുറത്താവാതെ നിന്നു.
Story Highlights: india need 148 runs pakistan asia cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here