എനിക്കും 46 വർഷത്തെ അനുഭവ സമ്പത്തുണ്ട്; ഗുലാം നബി ആസാദിനെതിരെ കെ.സി വേണുഗോപാൽ

ഗുലാം നബി ആസാദ് ഉന്നയിച്ച കാര്യങ്ങൾ ഖേദകരമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. താൻ ഓട് പൊളിച്ചിറങ്ങി കോൺഗ്രസിൽ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണം. കെ.എസ്.യു കാലം മുതൽ പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. തനിക്കും 46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ( KC Venugopal against Ghulam Nabi Azad ).
കോൺഗ്രസിന് വൻ പ്രഹരം നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. നേതൃത്വത്തെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജിക്കത്ത്.
Read Also: ഗുലാം നബി ആസാദ് പറഞ്ഞ ആ ബോഡിഗാർഡ് മലയാളി ?
‘രാഹുൽ ഗാന്ധിയുടെ പക്വതക്കുറവിന്റെ ഏറ്റവും വലിയ ഉദാഹരണം സർക്കാർ ഓർഡിനൻസ് കീറിയെറിഞ്ഞതാണ്. യൂണിയൻ ക്യാബിനറ്റും രാഷ്ട്രപതിയും അഗീകരിച്ച ഓർഡിനൻസാണ് രാഹുൽ കീറിയെറിഞ്ഞത്. ഈ കുട്ടിത്തമുള്ള സമീപനമാണ് 2014 ൽ യുപിഎയ്ക്ക് തിരിച്ചടിയായത്’- ഇത്തരത്തിലുള്ള വിമർശനങ്ങളാണ് ഗുലാം നബി ആസാദ് രാജിക്കത്തിൽ ഉന്നയിച്ചത്.
മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന് മികച്ച സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്. പോകുന്നവർ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകണം. ഓരോ നേതാക്കളും പോകുമ്പോൾ സന്തോഷിക്കുക അല്ല വേണ്ടത്. ഗുലാം നബി ആസാദ് പാർട്ടി വിടാനുള്ള നാല് കാരണങ്ങൾ സോണിയ ഗാന്ധി പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി കൂട്ടിച്ചേർത്തു.
Story Highlights: KC Venugopal against Ghulam Nabi Azad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here