പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി; പടിയിറങ്ങുന്നത് പാർട്ടിയുടെ ‘ജനകീയ മുഖം’

സിപിഐഎം പ്രവർത്തകരുടെ ജനപ്രിയനായ സെക്രട്ടറി പടിയിറങ്ങുകയാണ്. പാർട്ടിപ്രവർത്തകർക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരനായ കോടിയേരിയെന്ന സൗമനസ്യത്തിന് മുന്നിൽ പകരം വയ്ക്കാൻ മറ്റൊരു നേതാവില്ല. അസാധ്യമെന്ന ഭരണത്തുടർച്ച സ്വപ്നം പാർട്ടിക്ക് സമ്മാനിച്ച് ഹാട്രിക് ഭരണത്തിനായി അടിമുടി മാറ്റങ്ങൾക്കുള്ള തയാറെടുപ്പെടുകൾ പൂർത്തിയാക്കിയെങ്കിലും പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് നയിക്കുകയാണ്. ദീർഘകാലം കേരളത്തിലെ പാർട്ടിയെ നയിച്ച സഖാവ് അനാരോഗ്യം കാരണം സെക്രട്ടറി സ്ഥാനത്തുനിന്നും പടിയിറങ്ങുമ്പോൾ ചികിത്സ കഴിഞ്ഞ് വീണ്ടും പാർട്ടിയെ നയിക്കാൻ സാധിക്കട്ടെയെന്നാണ് പാർട്ടി പ്രവർത്തകർ ഒരേസ്വരത്തിൽ പറയുന്നത് ( kodiyeri balakrishnan cpim Popular face ).
ആറാം വയസ്സിൽ അച്ഛന്റെ മരണം. അമ്മയുടെ തണലിൽ നാലു സഹോദരിമാർക്കൊപ്പമായിരുന്നു ജീവിതം. സമീപത്തെ കോടിയേരി ഓണിയൻ സ്‌കൂളിൽ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കൊടിപിടിച്ചു തുടങ്ങിയതാണ് കോടിയേരിയുടെ രാഷ്ട്രീയ ജിവിതം. 1970 കളിൽ കെഎസ്എഫിലൂടെ (എസ്എഫ്ഐ രൂപീകരണത്തിനുള്ള വിദ്യാർഥി സംഘടന) തുടങ്ങിയ നേതൃപാടവം മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരിയെ എത്തിച്ചു.
മാഹി മഹാത്മാഗാന്ധി കോളജിൽ പ്രീഡിഗ്രിക്കു പഠിക്കവെ കെഎസ്എഫ് പ്രവർത്തകനായി മാറിയ കോടിയേരി പിന്നീട് കോളജ് യൂണിയൻ ചെയർമാനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി പഠനകാലത്തിനിടെ 1973ൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി തുടർന്ന്. ഇക്കാലത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായും പ്രവർത്തിച്ചു.
പതിനാറാംവയസിൽ പാർട്ടി അംഗത്വം, 1970ൽ പ്രീഡിഗ്രി പഠനകാലത്ത് സിപിഐഎം ഈങ്ങയിൽ പീടിക ബ്രാഞ്ച് സെക്രട്ടറിയായും കോടിയേരി പ്രവർത്തിക്കുന്നുണ്ടായിരുന്നു. പതിനെട്ടാം വയസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം സിപിഐഎം കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു.
എസ്എഫ്ഐയിയിൽനിന്ന് ഡിവൈഎഫ്ഐയിലേക്ക് എത്തിയ കോടിയേരി കണ്ണൂരിൽ സംഘടനയെ നയിച്ചു. 1980 മുതൽ 1982 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുമ്പോൾ കണ്ണൂരിന്റെ രാഷ്ടീയ മുഖങ്ങളിൽ കോടിയേരിയും ഒരാളായിരുന്നു.
1988ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം 1990 മുതൽ അഞ്ചു വർഷം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 95ൽ സംസ്ഥാന സെക്രട്ടേറിയറ്റിലും 2002ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലും 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോയിലും കോടിയേരി എത്തി.
അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തെ ജയിൽ വാസം അനുഭവിച്ച കോടിയേരി സെക്രട്ടറി പദത്തിൽ, കേരള രാഷ്ട്രീയത്തിലെ കാർക്കശ്യക്കാരനായ നേതാവായ പിണറായിയുടെ പിൻഗാമിയായിരുന്നു. എന്നാൽ പിണറായിയെ പോലൊരു സമീപനമായിരുന്നില്ല കോടിയേരിയുടേത്. കോടിയേരി-പിണറായി ദ്വയം ജനങ്ങൾക്കിടയിലെ പാർട്ടിയോടുള്ള പല കാഴ്ചപ്പാടുകളും തിരുത്തി. രാഷ്ട്രീയ കൊലപാതകമെന്ന ശാപം എക്കാലവും പിന്തുടർന്ന പാർട്ടി അക്രമങ്ങൾ ഒഴിവാക്കാം എന്ന നിലപാടിലേക്ക് എത്തി.
സിപിഐഎമ്മിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്. കണ്ണൂരെന്ന രാഷ്ട്രീയക്കളരിയിൽ വളർന്ന കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴ സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു മുതൽ കഴിഞ്ഞ ഡിസംബർ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടു നിന്നിരുന്നു. മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനാലാണ് കോടിയേരി മാറിനിൽക്കുന്നതെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ബിനീഷിനു ജാമ്യം ലഭിച്ച് നാളുകൾക്ക് ശേഷമായിരുന്നു കോടിയേരി പാർട്ടിയുടെ അമരത്തേക്ക് വീണ്ടുമെത്തിയത്. ബിനീഷിനു ജാമ്യം ലഭിക്കുന്നതിനു മുൻപ് തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നെങ്കിലും കോടിയേരി ഇടവേള നീട്ടുകയായിരുന്നു.
കോടിയേരിയുടെ അഭാവത്തിൽ എ.വിജയരാഘവനായിരുന്നു താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചത്. സ്ഥിരം സെക്രട്ടറിയില്ലാതെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. എങ്കിലും മന്ത്രിസഭാ രൂപീകരണത്തിൽ പോലും സുപ്രധാന തീരുമാനങ്ങളുണ്ടായത് കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു. ഭരണത്തുടർച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തിൽ തുടരുമ്പോൾ പാർട്ടി സെക്രട്ടറി പദത്തിൽ കോടിയേരി മൂന്നാമൂഴത്തിലേക്കു കടന്നു. പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് നയിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാർട്ടിയെ അറിയിച്ചു. പാർട്ടി അത് അംഗീകരിക്കുകയായിരുന്നു.
2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിച്ച അദ്ദേഹം 2006-11 കാലത്ത് ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. പൊലീസിന്റെ രീതികളിലും ആധുനികവൽക്കരണത്തിലും വലിയ മാറ്റങ്ങൾ നടന്ന കാലമായിരുന്നു അത്. കോടിയേരിയിലെ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ജനനം. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയിൽ അദ്ദേഹം നിയമസഭയിലെത്തി.
Story Highlights: kodiyeri balakrishnan cpim Popular face
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here