‘ഷോ ഓഫ് പാണ്ഡ്യ’യിൽ നിന്ന് കുങ്ഫു പാണ്ഡ്യയിലേക്ക്; ക്യാപ്റ്റൻസി ഹാർദിക് പാണ്ഡ്യയോട് ചെയ്തത്

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ ആവേശജയം നേടിയ ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. 2018ൽ, ഇതേ ടൂർണമെൻ്റിൽ, ഇതേ വേദിയിൽ വച്ച്, ഇതേ എതിരാളികൾക്കെതിരെ പരുക്കേറ്റ് സ്ട്രെച്ചറിൽ താൻ പുറത്തുപോകുന്നതും ഇന്നലെ മാച്ച് വിന്നിങ് പ്രകടനം നടത്തിയതുമായ രണ്ട് ചിത്രങ്ങൾ ചേർത്ത് ഒരു കൊളാഷ്. 2018നും 22നും ഇടയിലെ നാലുകൊല്ലത്തെ ഹാർദ്ദിക്കിൻ്റെ യാത്ര അത്ര സംഭവബഹുലമായിരുന്നു. (hardik pakistan asia cup)
2018ൽ പാകിസ്താനെതിരെ 18ആം ഓവർ എറിഞ്ഞുകൊണ്ടിരിക്കെയാണ് ഹാർദ്ദിക് പരുക്കേറ്റ് വീണത്. വേദന കൊണ്ട് പുളഞ്ഞ ഹാർദികിനെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. ആ പരുക്ക് ഹാർദ്ദികിനെ വിടാതെ പിന്തുടർന്നു. 2019 സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി-20 മത്സരത്തിനു ശേഷം പരുക്ക് വഷളായതിനെ തുടർന്ന് ഹാർദിക് 6 മാസത്തോളം കളത്തിൽ നിന്ന് വിട്ടുനിന്നു. അപ്പോഴും ബാറ്റിംഗിൽ മാത്രമാണ് ഹാർദിക് ശ്രദ്ധിച്ചത്. 2020 ടി-20 ലോകകപ്പിലും അക്കൊല്ലത്തെ ഐപിഎലിലുമൊന്നും ഹാർദിക് പന്തെറിഞ്ഞതേയില്ല. തുടർന്ന് കഴിഞ്ഞ വർഷത്തെ ഐപിഎലിൽ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് ഹാർദികിനെ ക്യാപ്റ്റനാക്കുന്നു. പല കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്ന പ്രഖ്യാപനമായിരുന്നു അത്. എന്നാൽ, പവർപ്ലേയിൽ പോലും പന്തെറിഞ്ഞും മൂന്നാം നമ്പറിൽ പക്വതയോടെ ബാറ്റ് വീശിയും ഹാർദിക് ഒരു തിരിച്ചുവരവ് നടത്തി. ഇന്ത്യൻ ടീമിലേക്കുള്ള വിളി വൈകിയില്ല. ഒടുവിൽ ഏഷ്യാ കപ്പിനുള്ള ടീമിലും ഉൾപ്പെട്ടു. ആദ്യ പാകിസ്താനെ 5 വിക്കറ്റിന് തോല്പിക്കുമ്പോൾ ഹാർദികിൻ്റെ പ്രകടനം ഇങ്ങനെ: 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്. 17 പന്തിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 33 നോട്ടൗട്ട്. ആ സിക്സർ വിജയഷോട്ടായിരുന്നു.
Read Also: ഏഷ്യാ കപ്പ്: നൈൽ ബൈറ്റിങ് ത്രില്ലറിനൊടുവിൽ ഇന്ത്യക്ക് ആവേശജയം
ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ജേതാക്കളാക്കിയതിനു പിന്നിൽ ഹാർദികിൻ്റെ ക്യാപ്റ്റൻസി മികവുണ്ട്. ഓരോ താരത്തിലും വിശ്വസിച്ച്, അവരെ കർത്തവ്യം ഏല്പിച്ച്, മുന്നിൽ നിന്ന് നയിച്ച് ഹാർദിക് എന്ന ക്യാപ്റ്റൻ അയാളിലെ കളിക്കാരനെക്കൂടി രാകിമിനുക്കുകയായിരുന്നു. ഇപ്പോൾ 140 കിലോമീറ്ററിനു മുകളിൽ ഹാർദികിന് സ്ഥിരമായി പന്തെറിയാൻ കഴിയുന്നു. ടെംപ്ടേഷനുകൾ അടക്കിനിർത്തി പക്വമായി ഇന്നിംഗ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഹാർദികിൻ്റെ ട്രാൻസ്ഫൊമേഷൻ അതിശയിപ്പിക്കുന്നതായിരുന്നു.
ഇല്ലായ്മയിൽ നിന്ന് ക്രിക്കറ്റിലേക്കെത്തിയ താരമാണ് ഹാർദിക്. ആരെയും കൂസാത്ത പ്രകൃതം. കളത്തിൽ നിയന്ത്രണമില്ലാതെ തുറന്നുവിടുന്ന വികാരങ്ങൾ. ടാറ്റൂ. മാല. കാർ. വാച്ച്. ആറ്റിറ്റ്യൂഡ്. കപിൽ ദേവിനു ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച പേസ് ബൗളിംഗ് ഓൾറൗണ്ടർ എന്ന വിശേഷണത്തിലും ചിലർക്കിഷ്ടം ഹാർദിക്കിലെ ബാഡ് ബോയ് ഇമേജിനെ കുത്താനായിരുന്നു. അയാളുടെ പ്രകടനങ്ങളെ മറന്ന് അയാളുടെ ‘ധാർഷ്ട്യ’ത്തെ ചിലർ കുറ്റപ്പെടുത്തി. വിരാട് കോലിയുടെ ആറ്റിറ്റ്യൂഡിനെ അഗ്രഷനെന്നും ഹാർദികിൻ്റെ ആറ്റിറ്റ്യൂഡിനെ ഷോ ഓഫ് എന്നും അവർ വിളിച്ചു. കാരണം പലതാവാം. പക്ഷേ, ജനത്തിനിഷ്ടം ‘ജെൻ്റിൽമാൻസ് ഗെയിം’ എന്ന ടാഗിനുള്ളിൽ നിൽക്കുന്ന പ്രകടനങ്ങളായിരുന്നു. ജനം വരയ്ക്കുന്ന വര. അവിടെ നിന്ന് കളിക്കണം. ഹാർദിക് അതിനപ്പുറം ചവിട്ടിനിന്നു. അയാളോളം അയാളുടെ കഴിവിൽ വിശ്വസിച്ച ഒരാളും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇന്ന് ഇന്ത്യ മുഴുവൻ അയാൾ ആഘോഷിക്കപ്പെടുന്നത്.
Story Highlights: hardik pandya performance pakistan asia cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here