Advertisement

സമരത്തിന് തടസമില്ല, പക്ഷേ തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുത്: ഹൈക്കോടതി

August 29, 2022
1 minute Read

വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുതെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ് നിർദേശം. മേഖലയിൽ ക്രമസമാധാന പ്രശ്നമുണ്ടാകരുത്. സമാധാനപരമായ സമരത്തിന് തടസമില്ല. എന്നാൽ, പദ്ധതി തടസപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. പരാതികൾ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാവുന്നതാണെന്നും സമരക്കാരോട് ഹൈക്കോടതി പറഞ്ഞു.

തുറമുഖ നിർമാണം തടസപ്പെട്ടിരിക്കുകയാണ് തുടങ്ങിയ പരാതി അദാനി ഗ്രൂപ്പ് അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കും. കമ്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെയും, കരാർ കമ്പനിയുടെയും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നത്. മേഖലയിലേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് അടക്കം സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടു.

വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോൾ കരമാർഗവും കടൽമാർഗവും മത്സ്യത്തൊഴിലാളികൾ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടൽ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളിൽ നിന്നുള്ള സമരക്കാർ വള്ളങ്ങളിൽ തുറമുഖത്തെത്തും. മറ്റുള്ളവർ ബരിക്കേഡുകൾ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിലുള്ളവർക്ക് അഭിവാദ്യമറിയിക്കും. ഈ വിധമാണ് സമരത്തിന്റെ ക്രമീകരണം.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിലടക്കം അന്തിമതീരുമാനത്തിനായി മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ഇന്ന് ചർച്ചയും നടത്തും. ഇന്നലെ സർക്കാർ വിളിച്ച യോഗം ആശയക്കുഴപ്പം മൂലം മുടങ്ങിയിരുന്നു. പിന്നാലെയാണ് സമരസമിതിക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്.

Story Highlights: vizhinjam protest high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top